ഗ്യാനേഷ് കുമാർ നരേന്ദ്ര മോദിയുടെ പാവ; ജനാധിപത്യത്തിലൂടെ പ്രതികാരം ചെയ്യുമെന്ന് തേജസ്വി യാദവും മമതയും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാവയാണെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ഡൽഹി രാംലീല മൈതാനിയിൽ ‘ഇൻഡ്യ’ മുന്നണി സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശകുനി തന്റെ കളി കളിക്കുകയാണെങ്കിൽ ഈ രാംലീല മൈതാനം കുരുക്ഷേത്ര ഭൂമിയാക്കി മാറ്റേണ്ടി വരുമെന്ന് തേജസ്വി യാദവ് മുന്നറിയിപ്പ് നൽകി. സാധാരണയായി ഈ മൈതാനം രാമായണത്തിനാണ് വേദിയാകാറുള്ളതെന്നും എന്നാൽ ഇന്ന് ഇവിടെ മഹാഭാരതമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ സംസാരിച്ച തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ (എസ്.ഐ.ആർ) ഇരയാണ് ബംഗാളെന്ന് വ്യക്തമാക്കി. ജീവൻ നൽകേണ്ടി വന്നാലും ജനാധിപത്യത്തിന് വേണ്ടി പോരാടുമെന്നും ഒരിക്കലും കീഴടങ്ങില്ലെന്നും അവർ പറഞ്ഞു. ബംഗാളിനെ കൊള്ളയടിക്കാൻ ശ്രമിച്ചവർക്ക് രാഷ്ട്രീയത്തിലൂടെയും ജനാധിപത്യത്തിലൂടെയും ശക്തമായ തിരിച്ചടി നൽകുമെന്നും മമത കൂട്ടിച്ചേർത്തു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറിലുള്ള വിശ്വാസം ജനങ്ങൾക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ വ്യക്തമാച്ചു. ഇന്ത്യയുടെ രാഷ്ട്രീയ ഭാവി തന്നെ നിർണായകമായി സ്വാധീനിക്കുന്ന രീതിയിൽ 13 കോടി ജനങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റുന്ന പക്ഷപാതപരമായ നടപടിയാണ് കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായത്. അത്തരം നടപടികൾ സ്വീകരിക്കുന്ന വ്യക്തിയെ ഈ സ്ഥാനത്ത് തുടരാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും പൗരന്മാരുടെ വോട്ടവകാശം പൂർണ്ണമായി സംരക്ഷിക്കപ്പെടണമെന്നും തരൂർ ആവശ്യപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles