വഖഫ് നിയമ ഭേദഗതി: ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി സുപ്രീംകോടതി

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികൾ പരിഗണിക്കുന്നത് വരും വർഷം ജനുവരിയിലേക്ക് നീട്ടി സുപ്രീംകോടതി. നിലവിൽ ഇടക്കാല അപേക്ഷകളാക്കി മാറ്റിയ ഹരജിക്കാർക്ക് സ്വതന്ത്ര റിട്ട് ഹരജികൾ സമർപ്പിക്കാൻ ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നൽകി. ഇതിനായി ഹരജിക്കാർക്ക് രണ്ടാഴ്ചത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.

വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ അഞ്ച് ഹരജികൾ പ്രധാന കേസുകളായി പരിഗണിക്കാനും ബാക്കി 135 ഹരജികൾ ഇടക്കാല അപേക്ഷകളാക്കി മാറ്റാനും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, പ്രധാനപ്പെട്ട അഞ്ച് ഹരജികളിൽ തങ്ങളുടെ എല്ലാ വാദങ്ങളും പൂർണ്ണമായി ഉൾക്കൊള്ളുന്നില്ലെന്നും മുൻ ഉത്തരവ് മൂലമാണ് തങ്ങൾക്ക് ഇടക്കാല അപേക്ഷകരായി മാറേണ്ടി വന്നതെന്നും മുതിർന്ന അഭിഭാഷകൻ ഡോ. മോഹൻ ഗോപാൽ ഉൾപ്പെടെയുള്ളവർ ബെഞ്ചിനെ അറിയിച്ചു. ഇടക്കാല അപേക്ഷകരായി മാത്രം പരിഗണിച്ചാൽ എല്ലാ കാര്യങ്ങളും ബോധിപ്പിക്കാൻ കഴിയില്ലെന്ന വാദം അംഗീകരിച്ച കോടതി, പുതിയ റിട്ട് ഹരജികൾ നൽകാൻ അവസരം ഒരുക്കുകയായിരുന്നു.

പുതിയ ഹരജികളുടെ പകർപ്പുകൾ നോഡൽ കൗൺസിലിന് നൽകണമെന്നും ഡിസംബർ 31-നകം എല്ലാ കക്ഷികളും തങ്ങളുടെ സത്യവാങ്മൂലങ്ങളും മറുപടികളും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും ബെഞ്ച് നിർദേശിച്ചു. ഇത് പൂർത്തിയായ ശേഷമായിരിക്കും ജനുവരിയിൽ വിഷയത്തിൽ വിശദമായ വാദം കേൾക്കൽ തുടരുക.

Related Articles

- Advertisement -spot_img

Latest Articles