ജിദ്ദ: സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ (ഐ.ഐ.എസ്.ജെ) ക്ലാസുകൾ താൽക്കാലികമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഇന്ന് മുതൽ അഞ്ചാം തീയതി വ്യാഴാഴ്ച വരെയാണ് ഓൺലൈൻ രീതിയിൽ അധ്യയനം നടക്കുക. കിന്റർഗാർട്ടൻ (കെ.ജി) മുതൽ പ്ലസ് ടു വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ഈ തീരുമാനം ബാധകമായിരിക്കും.
ഓൺലൈൻ അധ്യയനത്തിനായുള്ള സമയക്രമവും മറ്റ് നിർദ്ദേശങ്ങളും ബന്ധപ്പെട്ട വിഭാഗം മേധാവികളും അക്കാദമിക് സൂപ്പർവൈസർമാരും വഴി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ട് അറിയിക്കുമെന്ന് സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി. ഓൺലൈൻ ക്ലാസുകൾ നടക്കുന്ന ദിവസങ്ങളിൽ സ്കൂളിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, മറ്റ് അധ്യാപകേതര വിഭാഗങ്ങൾ, ഫീസ് കൗണ്ടറുകൾ എന്നിവയുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവെക്കും. അതേസമയം, രക്ഷിതാക്കൾക്ക് സ്കൂളിന്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴി ഫീസ് അടയ്ക്കാനുള്ള സൗകര്യം ലഭ്യമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.



