തിരുവനന്തപുരം: പ്രവാസി മലയാളികൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ ഒന്നും തന്നെ മുടങ്ങില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. പ്രവാസി ക്ഷേമനിധി ആനുകൂല്യങ്ങൾ മുടങ്ങിയതും ലോക കേരള സഭ പിരിച്ചുവിട്ടതും സംബന്ധിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ലോക കേരള സഭയ്ക്ക് പകരം പ്രവാസികൾക്കായി കൂടുതൽ ഫലപ്രദമായ പുതിയൊരു സംവിധാനം കൊണ്ടുവരുമെന്നും, പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികളുടെ കൊള്ളയ്ക്കെതിരെ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം തുടരുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.
പ്രവാസി ക്ഷേമനിധി ബോർഡ് വഴി 2026-27 വർഷത്തിൽ മാത്രം 163 കോടിയിലധികം രൂപ ആനുകൂല്യങ്ങളായും 102 കോടി രൂപ പെൻഷനായും വിതരണം ചെയ്തിട്ടുണ്ട്. അഞ്ച് മാസത്തിനിടെ സർക്കാർ മാത്രം 32 കോടി രൂപ നൽകി. ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ എണ്ണം ഒരു ലക്ഷത്തിലധികമായി ഉയർന്നുവെങ്കിലും മാസവരുമാനം 16.7 കോടി രൂപയും ചെലവ് 35 കോടി രൂപയുമായി തുടരുന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ഉണ്ടായ ഘടനാപരമായ പിഴവുകൾ മൂലം ഇൻഷുറൻസ് കമ്പനികൾക്ക് വലിയ നഷ്ടമുണ്ടായെന്നും, തൽഫലമായി പുതിയ ക്വട്ടേഷൻ നൽകാൻ കമ്പനികൾ മടിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ നിലവിലെ പ്രതിസന്ധികൾ പരിഹരിച്ച് 18 മുതൽ 110 വയസ്സ് വരെയുള്ളവർക്ക് കവറേജ് ലഭിക്കുന്ന പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്നും, കുടിശ്ശിക അടച്ച് ക്ഷേമനിധിയിൽ തുടരാൻ പ്രവാസികൾക്ക് അവസരം നൽകുന്ന വിധത്തിൽ നിയമഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളെ പിഴിഞ്ഞൂറ്റുന്ന വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ള അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടും പ്രധാനമന്ത്രിയോടും നേരിട്ട് ആവശ്യമുന്നയിച്ചിട്ടുണ്ട്. സിവിൽ ഏവിയേഷൻ മന്ത്റിയെയും പ്രധാനമന്ത്രിയെയും കണ്ടപ്പോൾ ഈ വിഷയം ഉന്നയിച്ചതായി വ്യക്തമാക്കിയ മുഖ്യമന്ത്രി, വർഷങ്ങളോളം വിദേശത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സമ്പാദ്യം മുഴുവൻ ഒറ്റ യാത്ര കൊണ്ട് ഇല്ലാതാകുന്ന അവസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രവാസി സംഘടനകൾ കുടിശ്ശിക തീർപ്പാക്കുന്നതിനായി പ്രത്യേക ക്യാമ്പയിനുകൾ നടത്തണമെന്നും, പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.



