അബഹ: സൗദിയിലെ തെക്കൻ മേഖലയായ ബിഷ-ഖമീസ് മുഷൈത്ത് റോഡിലുണ്ടായ വാഹനാപകടത്തിൽ നാല് വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം. ബിഷയിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ അഞ്ചാമത്തെ വിദ്യാർഥിനി ബിഷയിലെ കിംഗ് അബ്ദുള്ള ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
അപകടം അറിഞ്ഞ ഉടൻ തന്നെ സുരക്ഷാ സേനയും റെഡ് ക്രസന്റും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ തുടങ്ങി. മരിച്ചവരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറി. അപകട കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ദുരന്തത്തിന് പിന്നാലെ, രാജ്യവ്യാപകമായി റോഡ് സുരക്ഷാ നിയമങ്ങൾ കർശനമാക്കണമെന്നും അവബോധ പരിപാടികൾ വ്യാപകമാക്കണമെന്നും സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയർന്നിട്ടുണ്ട്.



