18.7 C
Saudi Arabia
Sunday, March 22, 2026
spot_img

പശ്ചാത്തല വികസനത്തിൽ കേരളം ഏറെ മുന്നേറി; മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ

ദോഹ: അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം ഇന്ന് വലിയ പുരോഗതി കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദിവസത്തെ സന്ദർശനത്തിനായി ഖത്തറിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഖത്തറിലെ പ്രവാസി വാണിജ്യ, വ്യാപാര, സാമൂഹിക രംഗത്തെ പ്രമുഖരുമായി ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ അഭിപ്രായം പങ്കുവെച്ചത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു കേരള മുഖ്യമന്ത്രി ഖത്തറിലെത്തുന്നത്.

കേരള വികസനം നിരാശയിൽ നിന്നും പ്രത്യാശയിലേക്ക് നീങ്ങിയതായി മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ പോലും സാധിക്കില്ലെന്ന് പലരും കരുതിയിരുന്ന സ്ഥാനത്ത് ഇന്ന് അതിന്റെ പണി ഏറെ പൂർത്തിയാക്കാൻ സാധിച്ചത് ഈ മാറ്റത്തിന് ഉദാഹരണമാണ്. ഈ പുരോഗതിക്ക് അടിസ്ഥാനമായത് കിഫ്‌ബി പദ്ധതിയാണ്. ബജറ്റിന് പുറത്ത് 90,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കിഫ്‌ബി വഴി കഴിഞ്ഞു.

ക്ഷേമ പ്രവർത്തനങ്ങളുടെ കാര്യത്തിലും കേരളം ഏറെ മുന്നേറിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ‘അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനം’ എന്ന പദവി കേരളം നേടിയതായും നവംബർ ഒന്നിന് അതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വികസിത രാജ്യങ്ങളിലെ ജീവിത നിലവാരത്തിലേക്ക് കേരളത്തെ വളർത്തുക എന്നതാണ് ‘നവകേരളം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അതിന് പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണയുണ്ടാവണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഖത്തർ സമയം രാവിലെ ആറ് മണിക്ക് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ അംബാസഡർ വിപുൽ, എംബസി ഉദ്യോഗസ്ഥർ, പ്രവാസി സംഘടനാ നേതാക്കൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക ഉദ്യോഗസ്ഥർ എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. വാണിജ്യ പ്രമുഖരുമായുള്ള സംവാദത്തിന് ശേഷം ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും പരിപാടികൾ അറിയിച്ചു

Related Articles

- Advertisement -spot_img

Latest Articles