ചീനിക്കുഴി കൂട്ടക്കൊലക്കേസ്: പ്രതി ഹമീദിന് വധശിക്ഷ

ഇടുക്കി: തൊടുപുഴക്ക് സമീപം ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും തീവെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഹമീദിന് (79) തൊടുപുഴ മുട്ടം ഒന്നാം അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. 2022 മാർച്ച് 19-നാണ് കേരളത്തെ ഞെട്ടിച്ച ക്രൂരമായ ഈ കൊലപാതകം നടന്നത്.

സ്വത്തു തർക്കത്തെ തുടർന്ന് പ്രതിയായ ഹമീദ് തന്റെ മകനായ മുഹമ്മദ് ഫൈസൽ (45), മരുമകൾ ഷീബ (40), പേരക്കുട്ടികളായ മെഹറിൻ (16), അസ്‌ന (13) എന്നിവരെയാണ് മുറിയിൽ പൂട്ടിയിട്ട് പെട്രോളൊഴിച്ച് തീവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവദിവസം, ഫൈസലും കുടുംബവും ഉറങ്ങിയ ശേഷം ഹമീദ് ഇവരുടെ മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടി. തുടർന്ന്, വീടിന്റെ വാട്ടർ ടാങ്കിൽ നിന്ന് വെള്ളം പൂർണ്ണമായും ഒഴുക്കി കളയുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ശേഷം, ജനലിലൂടെ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു.

തീ പടരുന്നത് കണ്ട് സഹായത്തിനായി ഫൈസൽ അയൽവാസികളെ ഫോണിൽ വിളിച്ചെങ്കിലും, വീടിന് മുന്നിൽ നിന്ന ഹമീദ് അടുത്ത് വന്നാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷാപ്രവർത്തകർ എത്തിയപ്പോഴേക്കും നാലുപേരും വെന്തുമരിച്ചിരുന്നു. കൊലപാതകം നടത്തുന്നതിന് മുൻപ് തന്നെ ഹമീദ് ഭൂമിയുടെ ആധാരവും പണവും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കേസിൽ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. രാജ്യത്തെ നടുക്കിയ ഈ ക്രൂരകൃത്യത്തിൽ കുറ്റബോധമില്ലാതെയാണ് പ്രതി ഹമീദ് പെരുമാറിയതെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles