20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

ഇന്ദിരാഗാന്ധി അനുസ്‌മരണം നടത്തി ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മറ്റി

ജിദ്ദ: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, ഉമ്മൻ‌ചാണ്ടി തുടങ്ങി നേതാക്കന്മാർക്ക് ആദരവ് അറിയിച്ചു ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മറ്റി. ഇന്ദിര പ്രിയദർശിനിയുടെ 41 മത് രക്തസാക്ഷിത്വ ദിനവും, ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ സർദാർ പട്ടേൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി എന്നിവരുടെ ജന്മദിനവും ഒഐസിസി ആദരപൂർവം കൊണ്ടാടി.

ഇന്ദിര ഗാന്ധി ത്യാഗത്തിന്റെ അഗ്നിജ്വാലയായിരുന്നു, സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ രാജ്യത്തെയും പാർട്ടിയെയും നയിച്ച് വിജയത്തിലെത്തിച്ച നേതാവായിരുന്നു അവർ എന്ന് ഇന്ദിര ഗാന്ധിയെ അനുസ്മരിച്ചുകൊണ്ട് ഒഐസിസി വെസ്റ്റേൺ റീജിയണൽ ജനറൽ സെക്രട്ടറി മനോജ് മാത്യു അടൂർ പറഞ്ഞു.

സ്വാതന്ത്ര്യ സമരകാലത്തു കോൺഗ്രസിനെ ഒറ്റകെട്ടായി നിർത്താൻ ഗാന്ധിജിയോടൊപ്പവും സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്തെ ഒറ്റകെട്ടായി നിർത്താൻ നെഹ്രുവിനോടൊപ്പവും പ്രവർത്തിച്ച ഏറ്റവും ദർശനശാലിയായ നേതാവായിരുന്നു പട്ടേൽ എന്ന് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഒഐസിസി നാഷണൽ കമ്മറ്റി സെക്രട്ടറി അനിൽകുമാർ പത്തനംതിട്ട അഭിപ്രായപ്പെട്ടു.

ഭരണാധികാരികളുടെ ഇടയിലെ കാരുണ്യത്തിന്റെ ഉറവ വറ്റാത്ത വ്യക്തിത്വമായിരുന്നു മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി, ഏതൊരു സാധാരണ വ്യക്തിക്കും സമീപിക്കാനും പ്രശ്നങ്ങൾ പറയാനും സാധിക്കുന്ന നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ സ്മരണ മരണത്തിനും അപ്പുറം ദീപ്തമായി നിലനിൽക്കുകയാണെന്നു അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് ഒഐസിസി റീജിയണൽ ജനറൽ സെക്രട്ടറി അസ്ഹബ് വർക്കല അഭിപ്രായപ്പെട്ടു.

ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മറ്റി ഓഫീസിൽ പ്രസിഡന്റ ഇൻ ചാർജ് സഹീർ മാഞ്ഞാലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രാധാകൃഷ്ണൻ കാവുമ്പായി, ആസാദ് പോരൂർ, സിമി അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. യോഗത്തിൽ പങ്കെടുത്തവർ നേതാക്കളുടെ ചിത്രങ്ങളിൽ പുഷ്‌പാർച്ചന നടത്തി.

Related Articles

- Advertisement -spot_img

Latest Articles