ജനീവ:ഗാസയിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന സൈനിക ആക്രമണങ്ങളിൽ കടുത്ത അമർഷവും പ്രതിഷേധവും രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന (WHO). ഓഗസ്റ്റ് 1-ന് അൽ-അഖ്സ ആശുപത്രിക്ക് സമീപമുള്ള മെഡിക്കൽ വെയർഹൗസിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ, ഗാസയിലെ ആരോഗ്യ കേന്ദ്രങ്ങളുടെയും സേവനങ്ങളുടെയും സുരക്ഷ അടിയന്തരമായി ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം ഗെബ്രിയേസസ് ആവശ്യപ്പെട്ടു. ഇസ്രായേൽ നടത്തിയ ഈ ആക്രമണത്തിൽ ലോകാരോഗ്യ സംഘടന വിതരണം ചെയ്തവ ഉൾപ്പെടെയുള്ള അത്യാവശ്യ മെഡിക്കൽ സാമഗ്രികളും ഔഷധശേഖരവും പൂർണ്ണമായും നശിക്കുകയും അൽ-അഖ്സ ആശുപത്രി കെട്ടിടത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
“ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളെ ഒരിക്കലും ആക്രമിക്കുകയോ സൈനിക താവളങ്ങളാക്കി മാറ്റുകയോ ചെയ്യരുത്” എന്ന് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഔദ്യോഗിക സന്ദേശത്തിൽ ടെഡ്രോസ് അഥാനം വ്യക്തമാക്കി.2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിലെ ആരോഗ്യ മേഖലയ്ക്ക് നേരെ ആയിരത്തോളം ആക്രമണങ്ങളാണ് ഇസ്രായേൽ സൈന്യം നടത്തിയത്. ഇത്തരം ആക്രമണങ്ങളിൽ മാത്രം ആയിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 1,700-ലധികം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ കാലയളവിലുണ്ടായ ആകെ ഇസ്രായേൽ ആക്രമണങ്ങളിൽ 73,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,74,000-ത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.



