തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണത്തിൻ്റെ (എസ്.ഐ.ആർ) ഭാഗമായി എന്യുമറേഷൻ ഫോമുകളുടെ വിതരണം ഇന്ന് (നവംബർ 3) മുതൽ ആരംഭിച്ചു. ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) വീടുകൾ നേരിട്ട് സന്ദർശിച്ചാണ് ഫോം നൽകുക. ഈ വിവരശേഖരണ പ്രക്രിയ അടുത്ത മാസം 4 വരെ തുടരും. വീട്ടിൽ ആളില്ലെങ്കിൽ മൂന്ന് തവണ വരെ ബി.എൽ.ഒമാർ എത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ടർമാരുടെ ഫോൺ നമ്പർ ബി.എൽ.ഒമാരുടെ പക്കൽ ഉള്ളതിനാൽ, സന്ദർശിക്കുന്ന സമയം മുൻകൂട്ടി അറിയിക്കും.
ബി.എൽ.ഒ നൽകുന്ന അപേക്ഷയും എന്യുമറേഷൻ ഫോമും വോട്ടർമാർ പൂരിപ്പിച്ച് ഒപ്പിട്ടുനൽകണം. 2002-ന് ശേഷം വോട്ടർപട്ടികയിൽ ഉൾപ്പെട്ടവർ 12 രേഖകളിൽ ഒന്ന് ഹാജരാക്കണം. 2002-ലും 2025-ലും പട്ടികയിലുള്ള എല്ലാവരും എന്യുമറേഷൻ ഫോറം ഒപ്പിട്ടുനൽകണം. പുതിയ ഫോട്ടോ ചേർക്കാനും സൗകര്യമുണ്ട്. വോട്ടർമാർക്ക് ഓൺലൈനായും ഫോം പൂരിപ്പിക്കാൻ സൗകര്യമുണ്ട്. നഗരപ്രദേശങ്ങളിലെ വോട്ടർമാർക്കും താൽക്കാലികമായി കുടിയേറിയവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.



