കണ്ണൂർ: അച്ഛന്റെ മരണസർട്ടിഫിക്കറ്റ് അപേക്ഷ നൽകാനെത്തിയ 22-കാരിക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശങ്ങളയക്കുകയും വീട്ടിലെത്തുകയും ചെയ്ത വില്ലേജ് ഓഫീസറെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് വില്ലേജ് ഓഫീസറായ ജിജു സ്‌കറിയയെയാണ് (47) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷം മുമ്പ് മരണപ്പെട്ട അച്ഛന്റെ മരണസർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് യുവതി ഏതാനും ദിവസങ്ങൾക്ക് മുമ്പ് എടക്കാട് വില്ലേജ് ഓഫീസിലെത്തിയത്. അപേക്ഷയിൽ നൽകിയ യുവതിയുടെ ഫോൺ നമ്പറിലേക്ക് രാത്രി ഒൻപത് മണിയോടെ ജിജു സ്‌കറിയ നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു.
യുവതി വിവരമറിയിച്ചതിനെ തുടർന്ന് ഭർത്താവാണ് വില്ലേജ് ഓഫീസർക്ക് തിരികെ സന്ദേശങ്ങൾ അയച്ചതും വീടിന്റെ ലൊക്കേഷൻ കൈമാറിയതും. ലൊക്കേഷൻ പിന്തുടർന്ന് രാത്രി 11:30-ഓടെ കണ്ണൂർ നഗരപരിധിയിലുള്ള യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസറെ ഭർത്താവും ബന്ധുക്കളും ചേർന്ന് തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, തനിക്ക് നേരെ ആൾക്കൂട്ട ആക്രമണവും വിചാരണയും ഉണ്ടായെന്ന വില്ലേജ് ഓഫീസറുടെ പരാതിയിൽ യുവതിക്കും ഭർത്താവിനും കണ്ടാലറിയാവുന്ന 12 പേർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി സംഘം ചേരൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.



