ടെഹ്റാൻ: തങ്ങൾക്കെതിരെ അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള അബദ്ധങ്ങളോ ആക്രമണങ്ങളോ ഉണ്ടായാൽ പശ്ചിമേഷ്യൻ മേഖലയിലുള്ള മുഴുവൻ യു.എസ് സൈനിക കേന്ദ്രങ്ങളും സാമ്പത്തിക താല്പര്യങ്ങളും ലക്ഷ്യമിടുമെന്ന് കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ സൈന്യം. ഇറാന്റെ പ്രവർത്തന സൈനിക ആസ്ഥാനമായ ഖാതം അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിനെ ഉദ്ധരിച്ച് അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ആണ് വാർത്ത പുറത്തുവിട്ടത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച ഏഴു ദിവസത്തെ പദ്ധതിയിൽ വാഷിംഗ്ടണിന്റെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ സായുധ സേന നിലപാട് കർശനമാക്കിയത്.
തങ്ങൾ സ്വന്തം നിലയിൽ യുദ്ധം ആരംഭിക്കില്ലെന്നും എന്നാൽ ശത്രുക്കൾ യുദ്ധം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ രാജ്യത്തിന്റെ സുരക്ഷയും ഭൂപ്രദേശത്തിന്റെ സമഗ്രതയും സംരക്ഷിക്കാൻ ഇറാൻ പൂർണ്ണ സജ്ജമാണെന്നും സൈനിക വക്താക്കൾ വ്യക്തമാക്കി.മേഖലയിലെ മുൻനിര യു.എസ് താവളങ്ങളും വിന്യാസ കേന്ദ്രങ്ങളും തങ്ങളുടെ കൃത്യമായ ആക്രമണ പരിധിയിലാണെന്ന സന്ദേശമാണ് തെഹ്റാൻ നൽകുന്നത്. വാഷിംഗ്ടണുമായുള്ള നയതന്ത്ര ചർച്ചകൾ നടക്കുമ്പോഴും സൈനികപരമായ തിരിച്ചടിക്ക് തങ്ങൾ ഒട്ടും പിന്നോട്ടില്ലെന്ന ഇറാന്റെ ശക്തമായ നിലപാടാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.



