റിയാദ്: സി.പി.എം വിശാല സെക്രട്ടറിയേറ്റ് യോഗം ചേരുന്നത് പാർട്ടിയിലെ ആഭ്യന്തര ചേരിപ്പോരും തമ്മിലടിയും ചർച്ച ചെയ്യാൻ മാത്രമാണെന്നും ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയം പോലും അവിടെ ചർച്ചയാകുന്നില്ലെന്നും വി.കെ. ശ്രീകണ്ഠൻ എം.പി കുറ്റപ്പെടുത്തി. ഒ.ഐ.സി.സി (OICC) സംഘടിപ്പിച്ച വിവിധ പരിപാടികളിൽ പങ്കെടുക്കാനായി റിയാദിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി കേരളത്തെ വികസനപരമായി പിന്നോട്ടടിച്ച സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും റെയിൽവേ വികസനം ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ വേണ്ടവിധം എത്തിക്കാൻ പോലും സംസ്ഥാന ഭരണകൂടത്തിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് വിഭജനം സംബന്ധിച്ച വിഷയത്തിൽ സി.പി.എം ഇതുവരെ വ്യക്തമായ നിലപാട് പരസ്യമാക്കിയിട്ടില്ലെന്ന് എം.പി ചൂണ്ടിക്കാട്ടി. കേന്ദ്ര എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) അന്വേഷണങ്ങളെയും നടപടികളെയും ഭയന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കുമെതിരെ ഒരക്ഷരം പോലും സംസാരിക്കാത്തത്. എന്നാൽ കോൺഗ്രസിന് ഇ.ഡിയെ ഭയമില്ലാത്തതിനാൽ തന്നെ കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പാർലമെന്റിലും പുറത്തും ശക്തമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള എം.പിമാർ പാർലമെന്റിൽ പലപ്പോഴും രാഷ്ട്രീയം നോക്കി വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുമ്പോൾ, തമിഴ്നാട്ടിൽ നിന്നുള്ള ജനപ്രതിനിധികൾ സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ ഒന്നിച്ചുനിൽക്കുന്ന മാതൃകയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടിക്കണക്കിന് പ്രവാസികൾക്ക് അഭയമേകുന്ന സൗദി അറേബ്യ ജി.സി.സി മേഖലയിൽ തന്നെ വലിയ വികസന മുന്നേറ്റമാണ് നടത്തുന്നത്. സൗദിയിലെ ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി പ്രവാസികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളും തിരുവനന്തപുരത്തേക്കുള്ള നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകതയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ തിരിച്ചെത്തിയാലുടൻ വിദേശകാര്യ-വ്യോമയാന മന്ത്രിതലത്തിൽ ഈ വിഷയങ്ങൾ ഉന്നയിച്ച് പരിഹാരം വേഗത്തിലാക്കും. കൂടാതെ മലയാളികൾക്കായി എംബസി കേന്ദ്രീകരിച്ച് സാംസ്കാരിക കേന്ദ്രം തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശനയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ മൂലം അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റിട്ടുണ്ടെന്നും ചോദ്യോത്തര വേളയിൽ എം.പി അഭിപ്രായപ്പെട്ടു.വാർത്താസമ്മേളനത്തിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, സംഘടനാ ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാർക്കാട്, ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, ഭാരവാഹികളായ ഷുക്കൂർ ആലുവ, സുരേഷ് ശങ്കർ എന്നിവരും പങ്കെടുത്തു.



