ആലപ്പുഴ: എക്‌സാലോജിക് കേസ് എൽ.ഡി.എഫിനെതിരെയുള്ള രാഷ്ടീയ നീക്കത്തിന്റെ ഭാഗമാണെന്നും, നിന്നെയല്ല നിന്റെയച്ഛനെയാണ് നോക്കുന്നത് എന്ന തരത്തിലാണ് വീണയ്‌ക്കെതിരായ മാസപ്പടി ആരോപണങ്ങൾ ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അച്ഛനിതെല്ലാം എത്ര കണ്ടതാണെന്ന് ഇവർക്കറിയില്ലെന്നും തന്നിലൂടെ പാർട്ടിയെ ലക്ഷ്യംവെച്ചുള്ള ഈ നീക്കത്തിൽ ബി.ജെ.പിക്കൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആലപ്പുഴയിൽ വെച്ച് നടന്ന വിശാലസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
തന്റെ മുൻകാല അനുഭവങ്ങളെ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സംസാരിച്ചപ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര സർക്കാരിനെയും ശക്തമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ഒരുകാലത്തും ഇല്ലാത്ത തരത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്വന്തം തോന്നലുകൾ തീരുമാനങ്ങളാക്കി ഏകപക്ഷീയ നിലപാടുകൾ സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ ഇത്തരം നിലപാടുകൾക്കെതിരെ പ്രക്ഷോഭം ആളിപ്പടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സെൻസസ് നടപടിക്രമങ്ങൾ ജനങ്ങളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കിയ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയത്തിൽ യാതൊരുവിധ നഷ്ടവും ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടു.
കേന്ദ്ര നയങ്ങൾക്ക് കൃത്യമായ ബദൽ നയം നടപ്പിലാക്കിയ വ്യത്യസ്തമായ ഒരു സംസ്ഥാനമായിരുന്നു കേരളമെന്ന് ചൂണ്ടിക്കാട്ടിയ പിണറായി വിജയൻ, പുതിയ കേന്ദ്ര സർക്കാർ ആർ.എസ്.എസ് അജണ്ടയാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നും ആരോപിച്ചു. വന്ദേമാതരത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ കാണാൻ സാധിക്കുന്നത് ആർ.എസ്.എസ് നയങ്ങളുടെ കടന്നുകയറ്റമാണെന്ന് അദ്ദേഹം വ്യക്തമാക്കി.



