വോട്ടിംഗിലും ‘വി.ഐ.പി’ സംസ്‌കാരം; ബി.എൽ.ഒ ആപ്പിലെ വർഗ്ഗീകരണത്തിൽ കമ്മീഷനെതിരെ കോൺഗ്രസ്

ന്യൂഡൽഹി: വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിന് (SIR) പിന്നാലെ വോട്ടർമാരെ ‘വി.ഐ.പി’ എന്നും സാധാരണക്കാരെന്നും തരംതിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്. ബൂത്ത് ലെവൽ ഓഫീസർമാർക്കായി പുറത്തിറക്കിയ പുതിയ ബി.എൽ.ഒ (BLO) ആപ്പിൽ ‘മാർക്ക് വി.ഐ.പി’ എന്ന ഫീച്ചർ ഉൾപ്പെടുത്തിയത് ഭരണഘടനയുടെ തുല്യതാ തത്ത്വങ്ങൾ ലംഘിക്കുന്നതാണെന്നും വോട്ടർമാർക്കിടയിൽ കടുത്ത വിവേചനം സൃഷ്ടിക്കുന്നതാണെന്നും എ.ഐ.സി.സി മീഡിയ വിഭാഗം ചെയർമാൻ പവൻ ഖേര കുറ്റപ്പെടുത്തി. എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘മാർക്ക് വി.ഐ.പി’യായി രേഖപ്പെടുത്തുന്ന പ്രമുഖ വ്യക്തികൾ എന്യൂമറേഷൻ ഫോമുകൾ സമർപ്പിച്ചില്ലെങ്കിലും അവർ കരട് വോട്ടർപട്ടികയിൽ നേരിട്ട് ഇടംപിടിക്കും. ഇവരുടെ വോട്ടവകാശത്തിൽ തർക്കങ്ങളോ എതിർപ്പുകളോ ഉയർന്നാൽ ഹിയറിങ് കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന വിചിത്ര ആനുകൂല്യവും നൽകിയിട്ടുണ്ട്. എന്നാൽ സാധാരണക്കാരായ വോട്ടർമാർ രേഖകൾ നൽകുന്നതിനും നോട്ടീസുകൾക്കും മറുപടിയുമായി ഹിയറിങ് കേന്ദ്രങ്ങൾ കയറിയിറങ്ങേണ്ട ദുരവസ്ഥയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, റോ (RAW) മേധാവി, മുൻ സൈനിക മേധാവി എന്നിവർക്ക് വോട്ടർപട്ടിക പരിശോധനയുടെ ഭാഗമായി നോട്ടീസ് അയച്ച സംഭവം വിവാദമായതിന് പിന്നാലെയാണോ ഇത്തരമൊരു സൗകര്യം ആപ്പിൽ ഉൾപ്പെടുത്തിയത് എന്ന് സംശയമുണ്ടെന്നും ‘ഒരാൾക്ക് ഒരു വോട്ട്, ഒരു മൂല്യം’ എന്ന ഭരണഘടനാ കാഴ്ചപ്പാട് അട്ടിമറിക്കുന്ന മാർഗ്ഗരേഖകൾ പരസ്യപ്പെടുത്താൻ കമ്മീഷൻ തയ്യാറാകണമെന്നും പവൻ ഖേര ആവശ്യപ്പെട്ടു.

അതിനിടെ, 18 വയസ്സ് തികഞ്ഞ യുവാക്കളുടെ വോട്ടവകാശം കുതന്ത്രങ്ങളിലൂടെ തട്ടിയെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു. 1988-ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഭരണഘടന ഭേദഗതി ചെയ്ത് വോട്ടെടുപ്പ് പ്രായം 21-ൽ നിന്ന് 18 ആക്കി പുതിയ തലമുറയെ ശാക്തീകരിച്ചെങ്കിൽ, ഇപ്പോഴത്തെ പ്രധാനമന്ത്രി യുവാക്കളെ ഭയപ്പെടുകയാണ്. ഭരണകൂടത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കുന്ന ‘ജെൻ സി’ (Gen-Z) വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഇല്ലെന്ന് ഉറപ്പാക്കാൻ സി.ഇ.സി ഗ്യാനേഷ് കുമാറിനെ നിയോഗിച്ച്, രണ്ടു വർഷമായി വാർഷിക സംക്ഷിപ്ത പുതുക്കൽ (SSR) മരവിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു.

Related Articles

- Advertisement -spot_img

Latest Articles