ദുബൈ : യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനും ദുബൈ പോലീസിന്റെയും പബ്ലിക് സർവീസസിന്റെയും ഡെപ്യൂട്ടി ചെയർമാനുമായിരുന്ന ശൈഖ് അഹ്മദ് ബിൻ റാഷിദ് അൽ മക്തൂം (76) അന്തരിച്ചു. അൽ വസൽ സ്പോർട്സ് ക്ലബ് പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് ദുബൈയിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി എമിറേറ്റിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
ദുബൈ മുൻ ഭരണാധികാരിയും യു.എ.ഇയുടെ ശില്പികളിൽ ഒരാളുമായ പരേതനായ ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ നാലാമത്തെയും ഏറ്റവും ഇളയതുമായ മകനാണ് ശൈഖ് അഹ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുകെയിലെ പ്രശസ്തമായ റോയൽ മിലിട്ടറി അക്കാദമി സാൻഡ്‌ഹേർസ്റ്റിൽ നിന്ന് സൈനിക ബിരുദം നേടിയ ശേഷം ദുബൈ സെൻട്രൽ മിലിട്ടറി റീജിയനിൽ ചേർന്ന അദ്ദേഹം പിന്നീട് അതിന്റെ കമാൻഡർ ഇൻ ചീഫായി സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിലാണ് സെൻട്രൽ മിലിട്ടറി റീജിയൻ യു.എ.ഇയിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക താവളങ്ങളിലൊന്നായി വികസിച്ചത്.
യു.എ.ഇയുടെ സുരക്ഷാ, സൈനിക, കായിക മേഖലകളിൽ നിർണ്ണായക സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭരണാധികാരികളും പ്രമുഖരും അനുശോചനം അറിയിച്ചു.



