ഹോർമുസ് കടലിടുക്കിലെ സ്തംഭനാവസ്ഥ തുടരുന്നു. ലോകം പ്രതിസന്ധിയിലേക്കെന്ന് ആശങ്ക 

ടെഹ്‌റാൻ : അമേരിക്കയും ഇറാനും തമ്മിലുള്ള കടുപ്പമേറിയ നയതന്ത്ര-സൈനിക സമരാന്തരീക്ഷം കടുത്ത അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയിൽ പശ്ചിമേഷ്യ. ലോകത്തിന്റെ ഊർജ്ജ സുരക്ഷയുടെ സുപ്രധാന നാഡിയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് നിലച്ച മട്ടിലാണ്.

ഷിപ്പിംഗ് ഡാറ്റാ വിശകലനങ്ങൾ പ്രകാരം, കഴിഞ്ഞ വാരാന്ത്യത്തിൽ ആകെ പന്ത്രണ്ടോളം ചരക്കുകപ്പലുകൾ മാത്രമാണ് പാതയിലൂടെ സഞ്ചരിച്ചത്. തൊട്ടുമുമ്പത്തെ വാരാന്ത്യത്തിൽ ഇത് 35 എണ്ണമായിരുന്നുവെന്നത് സ്ഥിതി എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു. ഫെബ്രുവരി 28-ന് യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ്
ടാങ്കറുകൾ, ഗ്യാസ് കപ്പലുകൾ, ബൾക്ക് കാരിയറുകൾ എന്നിവയടക്കം ദിനംപ്രതി ശരാശരി 125 വാണിജ്യ കപ്പലുകൾ സുഗമമായി കടന്നുപോയിരുന്ന പാതയാണിത്.

ആഗോളതലത്തിൽ ആവശ്യമായ പെട്രോളിയത്തിന്റെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് കടലിടുക്കിലൂടെയാണ്. എന്നാൽ നിലവിലെ സംഘർഷാവസ്ഥ മൂലം സുപ്രധാന പാതയിലെ ദൃശ്യമായ കപ്പൽ നീക്കങ്ങൾ വളരെ പരിമിതമായ തോതിലേക്ക് ചുരുങ്ങിയിരിക്കുന്നു.

പ്രതിസന്ധികൾക്കിടയിലും പശ്ചിമേഷ്യൻ രാജ്യങ്ങൾ തങ്ങളുടെ എണ്ണ കയറ്റുമതി പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ല. അന്താരാഷ്ട്ര നിരീക്ഷണങ്ങളിൽ നിന്നും സുരക്ഷാ ഭീഷണികളിൽ നിന്നും രക്ഷനേടാനായി കപ്പലുകളുടെ ജിപിഎസ് സിഗ്നലുകളും സംവിധാനങ്ങളും (ട്രാൻസ്പോണ്ടറുകൾ) ഓഫ് ചെയ്താണ് നിലവിൽ ടാങ്കറുകൾ എണ്ണ കയറ്റുമതി തുടരുന്നത്. അനലിറ്റിക്സ് സ്ഥാപനമായ കെപ്ലർ നൽകുന്ന പ്രാരംഭ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഞായറാഴ്ച നാല് കപ്പലുകളാണ് (രണ്ട് എണ്ണ ടാങ്കറുകളും, ചരക്കുകൾ ഒന്നുമില്ലാത്ത രണ്ട് ഗ്യാസ്-ബൾക്ക് കാരിയറുകളും) ഈ സമുദ്രപാത കടന്ന് പുറത്തേക്ക് പോയത്. കൂടാതെ ചെറിയ രണ്ട് എണ്ണ ടാങ്കറുകൾ ഗൾഫ് മേഖലയിലേക്ക് പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച്ച കാർഷികോൽപ്പന്നങ്ങളും എൽ.പി.ജിയും വളവും കയറ്റിയ അഞ്ച് കപ്പലുകൾ ഗൾഫ് വിട്ടുപോയപ്പോൾ, കാലിയായ ഒരു വലിയ ഗ്യാസ് കാരിയർ ഇങ്ങോട്ട് പ്രവേശിക്കുകയും ചെയ്തിരുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം തുടരുന്നത് ആഗോള ഇന്ധന വിപണിയിലും ചരക്ക് നീക്കത്തിലും വലിയ വിലക്കയറ്റത്തിനും ഗുരുതരമായ പ്രതിസന്ധികൾക്കും കാരണമായേക്കാമെന്ന് സാമ്പത്തിക വിദഗ്ധരും ഊർജ്ജ നിരീക്ഷകരും ആശങ്കപ്പെടുന്നു.

Related Articles

- Advertisement -spot_img

Latest Articles