പിതാവിന്റെ പാതയിൽ റൊണാൾഡോ ജൂനിയർ; ഇരട്ട ഗോളുകളോടെ അൽ നസറിന് മിന്നുന്ന വിജയം

റിയാദ്: പോർച്ചുഗീസ് ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാത പിന്തുടർന്ന് മകൻ റൊണാൾഡോ ജൂനിയറും മൈതാനത്ത് വിസ്മയം തീർക്കുന്നു. അൽ നസറിന്റെ യൂത്ത് ടീമിനായി കളത്തിലിറങ്ങിയ താരം അൽ അഹ്‌ലി ജിദ്ദ അണ്ടർ-17 ടീമിനെതിരെ ഇരട്ട ഗോളുകൾ നേടി തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അൽ നസർ വിജയം സ്വന്തമാക്കി.

അൽ നസറിന്റെ റിസർവ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ മത്സരത്തിന്റെ ഏഴാം മിനിറ്റിൽ മർവാൻ അബ്‌ദുല്ല അൽ മുവല്ലദിലൂടെ അൽ അഹ്‌ലിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ റൊണാൾഡോ ജൂനിയറിലൂടെ അൽ നസർ സമനില ഗോൾ കണ്ടെത്തി. തുടർന്ന് ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് താരം തന്റെ രണ്ടാം ഗോളും നേടി ടീമിന്റെ വിജയമുറപ്പിച്ചു. റൊണാൾഡോ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ്, അൽ നസർ എന്നീ ക്ലബ്ബുകളുടെ അക്കാദമികളിലൂടെ വളർന്ന റൊണാൾഡോ ജൂനിയർ, കഴിഞ്ഞ വർഷം ക്രോയേഷ്യയെ തോൽപ്പിച്ച് പോർച്ചുഗൽ അണ്ടർ ടീമിനൊപ്പം വ്ലാറ്റ്കോ മാർക്കോവിച്ച് ടൂർണമെന്റ് കിരീടവും നേടിയിരുന്നു.

അതേസമയം, 41-ാം വയസ്സിലും മിന്നുന്ന ഫോമിൽ തുടരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസറിനായി ഗോൾവേട്ട തുടരുകയാണ്. ഫുട്‌ബോൾ ചരിത്രത്തിൽ തുടർച്ചയായി 25 സീസണുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന അപൂർവ്വ റെക്കോർഡും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ കരിയറിൽ 979 ഗോളുകൾ പൂർത്തിയാക്കിയ താരം ചരിത്രപരമായ 1000 ഗോളുകൾ എന്ന നാഴികക്കല്ലിന് 21 ഗോളുകൾ മാത്രം അകലെയാണ്. തന്റെ കരിയറിലെ അവസാന സീസണാണിതെന്ന് സൂചിപ്പിച്ച റൊണാൾഡോയുടെ പാതയിൽ മകനും തിളങ്ങുന്നത് ആരാധകർക്ക് വലിയ ആവേശമാണ് നൽകുന്നത്.

Related Articles

- Advertisement -spot_img

Latest Articles