റിയാദ്: റിയാദിലെത്തിയ വി.കെ. ശ്രീകണ്ഠൻ എംപി ഇന്ത്യൻ അംബാസഡർ വിപുലുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസിയിൽ നടന്ന കൂടിക്കാഴ്ചയിൽ സൗദിയിലെ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. ഉന്നയിച്ച വിഷയങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് അംബാസഡർ അറിയിച്ചതായി കൂടിക്കാഴ്ചയിൽ പങ്കെടുത്തവർ പറഞ്ഞു.
വി.എഫ്.എസ്. സേവനങ്ങളിലെ കാലതാമസം, അവധിക്കാലങ്ങളിലെ ഉയർന്ന വിമാനനിരക്ക്, സൗദിയിൽ മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കേണ്ടതിന്റെ ആവശ്യകത എന്നിവ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി. തൊഴിൽ പ്രശ്നങ്ങളിൽ പ്രവാസികൾക്ക് സമയബന്ധിതമായ സഹായം ലഭ്യമാക്കണമെന്നും റിയാദിൽനിന്ന് അകലെയുള്ള പ്രദേശങ്ങളിൽ കോൺസുലാർ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. നിരപരാധികളായ പ്രവാസികൾ നിയമപ്രശ്നങ്ങളിൽ അകപ്പെടുമ്പോൾ അവർക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കണമെന്ന ആവശ്യവും അംബാസഡർ അനുഭാവപൂർവം പരിഗണിക്കാമെന്ന് അറിയിച്ചു.
സൗദിയയുടെ റിയാദ്–തിരുവനന്തപുരം നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കണമെന്നും തിരുവനന്തപുരം വിമാനത്താവളത്തിന് സൗദിയയുടെ പോയിന്റ് ഓഫ് കോൾ അനുമതി ലഭ്യമാക്കണമെന്നും അഭ്യർഥിച്ചു. സൗദിയിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പലർക്കും സൗദിയ ടിക്കറ്റുകളാണ് ലഭിക്കുന്നതെന്നും നേരിട്ടുള്ള തിരുവനന്തപുരം സർവീസ് ഇല്ലാത്തത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിശദീകരിച്ചു.
ഇന്ത്യയിൽ ബി.ടെക് ബിരുദം നേടിയവർക്ക് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സിൽ ‘എൻജിനീയർ’ വിഭാഗത്തിൽ രജിസ്ട്രേഷൻ നേടുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടും ചർച്ചയായി. ബി.ഇ., ബി.ടെക് യോഗ്യതകളുടെ തുല്യത വ്യക്തമാക്കുന്ന ഔദ്യോഗിക രേഖ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. റിയാദിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ ആരംഭിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഈ വിഷയങ്ങളിൽ എംബസിയുടെ ഭാഗത്തുനിന്ന് സാധ്യമായ പിന്തുണ നൽകാമെന്നും ബന്ധപ്പെട്ട തലങ്ങളിൽ ആവശ്യമായ കാര്യങ്ങൾ ഉന്നയിക്കാമെന്നും അംബാസഡർ അറിയിച്ചതായി പ്രതിനിധികൾ പറഞ്ഞു.
കൂടിക്കാഴ്ചയിൽ എംബസി കോൺസുലർ (കമ്മ്യൂണിറ്റി വെൽഫെയർ) വൈ. സാബിർ, ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, ഗ്ലോബൽ കമ്മിറ്റി അംഗം ഷിഹാബ് കോട്ടുകാട്, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, സീനിയർ വൈസ് പ്രസിഡന്റ് മുഹമ്മദ് അലി മണ്ണാർക്കാട്, ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ എന്നിവരും പങ്കെടുത്തു



