കളക്ടർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം
കൊല്ലം: താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ഔദ്യോഗിക രേഖകളിൽ ‘മരിച്ചതായി’ രേഖപ്പെടുത്തി വോട്ടർ പട്ടികയിൽ നിന്നും സംസ്ഥാന സർക്കാർ നടത്തുന്ന എസ്.ഐ.ആർ. നടപടികളിൽ നിന്നും നീക്കം ചെയ്തതായി റിട്ടയേർഡ് കോളേജ് പ്രൊഫസറുടെ പരാതി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ മുൻ പ്രൊഫസറായ വിൽസൺ ഇ.വി. (59) ആണ് ഈ ഗുരുതരമായ പ്രതിസന്ധി നേരിടുന്നത്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർ സ്ലിപ്പ് ലഭിക്കാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം അറിയുന്നത്. താൻ മരിച്ചതായി ബൂത്ത് ലെവൽ ഓഫീസർ (ബി.എൽ.ഒ.) റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതെന്ന് അദ്ദേഹത്തിന് വിവരം ലഭിച്ചു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ കൃത്യമായി വോട്ട് രേഖപ്പെടുത്തിയിരുന്ന ഇദ്ദേഹത്തിന്, ഈ പിഴവ് കാരണം 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. ജീവിച്ചിരിക്കുന്ന തനിക്ക് ഭരണഘടനാപരമായ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇതെന്നും, തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എത്രയും വേഗം വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വിൽസൺ ഇ.വി. ആരോപിച്ചു.



