തിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. വിവിധ ജില്ലകളിലായി 38 തദ്ദേശ വാർഡുകളിലേക്കാണ് ജനവിധി തേടുന്നത്. കൊച്ചി, കോഴിക്കോട് കോർപറേഷനുകളിലെ രണ്ട് വാർഡുകൾ, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലെ മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഇതിൽ 19 എണ്ണത്തിൽ യു.ഡി.എഫും 15 എണ്ണത്തിൽ എൽ.ഡി.എഫും രണ്ടെണ്ണത്തിൽ എൻ.ഡി.എയും രണ്ടിടത്ത് സ്വതന്ത്രരുമാണ് വിജയിച്ചിരുന്നത്. എട്ട് വാർഡുകളിലെ ജനപ്രതിനിധികൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.എൽ.എമാരായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ അംഗമായിരുന്ന സുധീർഷാ പാലോട് എം.എൽ.എയായതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്. പത്ത് വർഷം സി.പി.ഐയുടെ കുത്തകയായിരുന്ന കല്ലറ 2025-ലാണ് കോൺഗ്രസ് അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുത്തത്. കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയറായിരുന്ന ദീപക് ജോയി തൃപ്പൂണിത്തുറ എം.എൽ.എയായതോടെ എറണാകുളം അയ്യപ്പൻകാവ് ഡിവിഷനിലും, കോഴിക്കോട് കോർപറേഷൻ കൗൺസിലറായിരുന്ന ഫാത്തിമ തെഹ്‌ലിയ പേരാമ്പ്ര എം.എൽ.എയായതോടെ കുറ്റിച്ചിറ ഡിവിഷനിലും നാളെ വിധി എഴുതും.
പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ കല്ലേലി വാർഡ് മെംബർ സി.വി. ശാന്തകുമാർ അടൂർ എം.എൽ.എയായതോടെ ഈ വാർഡിലും, കോട്ടയം ജില്ലാ പഞ്ചായത്ത് മെംബർ വിനു ജോബ് ചങ്ങനാശ്ശേരി എം.എൽ.എയായതിനെ തുടർന്ന് തൃക്കൊടിത്താനത്തും ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി ആലത്തൂരിൽ നിന്ന് നിയമസഭയിലെത്തിയതോടെ പല്ലശ്ശന ഡിവിഷനിലും, ചിറ്റൂർ നഗരസഭാ അധ്യക്ഷനായിരുന്ന സുമേഷ് അച്യുതൻ എം.എൽ.എയായതിനെ തുടർന്ന് പുരുത്തിക്കാവ് വാർഡിലും വോട്ടെടുപ്പ് നടക്കും. കൂടാതെ, മന്ത്രിയായിരുന്ന ഒ.ആർ. കേളുവിനെ പരാജയപ്പെടുത്തി ഉഷ വിജയൻ മാനന്തവാടി എം.എൽ.എയായ ഒഴിവിലാണ് മാനന്തവാടി ബ്ലോക്കിലെ പള്ളിക്കൽ വാർഡിൽ ഉപതെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത്. ഭരണമാറ്റത്തിന് ശേഷമുള്ള ആദ്യ പരീക്ഷണമായതിനാൽ ഇരുമുന്നണികൾക്കും ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്.



