കലിതീരാതെ; മാധ്യമപ്രവർത്തകനെ ‘തീവ്രവാദി’ എന്ന് വിളിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: കഴിഞ്ഞ ദിവസം ശിവഗിരിയിൽ വെച്ച് തന്നോട് ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകനെതിരെ തീവ്രവാദി പരാമർശവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും രംഗത്ത്. റിപ്പോർട്ടറായ റഹീസ് റഷീദിനെയാണ് വെള്ളാപ്പള്ളി പരസ്യമായി അധിക്ഷേപിച്ചത്. ചോദ്യം ചോദിച്ചയാൾ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനായ ഇയാൾ മുസ്ലിംകളുടെ വക്താവാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. തനിക്ക് 89 വയസ്സുണ്ടെന്നും തന്റെ പ്രായത്തിനുള്ള മര്യാദ പോലും കാണിക്കാതെയാണ് മാധ്യമപ്രവർത്തകർ തന്നോട് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ എസ്.എൻ.ഡി.പിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ സർക്കാർ അനുമതി നൽകുന്നില്ലെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യമാണ് പ്രകോപനത്തിന് കാരണമായത്. കഴിഞ്ഞ ഒമ്പത് വർഷമായി പിണറായി വിജയൻ സർക്കാർ ഭരിക്കുമ്പോൾ എന്തുകൊണ്ട് അനുമതി ലഭിച്ചില്ലെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകാതെ വെള്ളാപ്പള്ളി അന്ന് മൈക്ക് തട്ടിമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ആലപ്പുഴയിൽ വെച്ച് മാധ്യമപ്രവർത്തകനെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തിയത്. താൻ ഉന്നയിച്ച കണക്കുകൾ ശരിയാണെന്നും മുസ്ലിം ലീഗിന് മലപ്പുറത്ത് നിരവധി കോളേജുകൾ ഉണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. മാധ്യമപ്രവർത്തകനെതിരെയുള്ള ഇത്തരം വിദ്വേഷ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles