സ്വാതന്ത്ര്യ ദിന പ്രബന്ധ മത്സരം: വിജയികളെ പ്രഖ്യാപിച്ച് പ്രവാസി മലയാളി ഫൗണ്ടേഷൻ

റിയാദ്: റിയാദിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രബന്ധ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. അമ്പതിലേറെ രചനകളിൽ നിന്ന് അവസാന റൗണ്ടിലെത്തിയ 15 ഉയർന്ന നിലവാരമുള്ള പ്രബന്ധങ്ങളിൽ നിന്നാണ് ജൂറി വിജയികളെ തിരഞ്ഞെടുത്തത്. മുതിർന്നവർക്കായുള്ള സീനിയർ വിഭാഗത്തിലും വിദ്യാർത്ഥികൾക്കായുള്ള ജൂനിയർ വിഭാഗത്തിലുമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

സൗദിയിലെ പ്രവാസി മലയാളികൾക്കായി “അവകാശ സമരം: ജനാധിപത്യത്തിന്റെ ജീവവായു” എന്ന വിഷയത്തിൽ നടന്ന സീനിയർ വിഭാഗം മത്സരത്തിൽ പാലക്കാട് കരിമ്പ സ്വദേശിയും കെ.എം.സി.സി പാലക്കാട് ജില്ലാ സീനിയർ വൈസ് പ്രസിഡന്റുമായ എ.യു. സിദ്ദിഖ് കരിമ്പ (റിയാദ്) ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിയും ദമാം നവയുഗം സാംസ്കാരിക വേദിയുടെ മീഡിയ കൺവീനറുമായ ബെൻസി മോഹൻ ജി (ജുബൈൽ) രണ്ടാം സ്ഥാനവും, കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും നന്മ കരുനാഗപ്പള്ളി ഉപദേശക സമിതി അംഗവുമായ ബഷീർ ഫത്തഹുദ്ധീൻ (റിയാദ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 

“ഭാവിയുടെ കരങ്ങൾ – പുതിയ ലോകം പണിയാൻ പുതിയ ചിന്തകൾ” എന്ന വിഷയത്തിൽ സൗദിയിലെ മലയാളി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ജൂനിയർ വിഭാഗം മത്സരത്തിൽ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി സൈറ സജീർ (കൊല്ലം, പത്തനാപുരം) ഒന്നാം സ്ഥാനം നേടി. ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ബെനിറ്റ ബെന്നി (കോട്ടയം, ഏറ്റുമാനൂർ) രണ്ടാം സ്ഥാനവും, റിയാദ് യാര ഇന്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി കൃപ മറിയം ബിജു (പത്തനംതിട്ട, വെച്ചൂച്ചിറ) മൂന്നാം സ്ഥാനവും നേടി.

വിജയികൾക്കും അവസാന റൗണ്ടിലെത്തിയ സുബൈദ കോമ്പിൽ, ബബിത ഷെറിൻ ഡിസൂസ, ഷിഹാബ് കായംകുളം, രാജീവ് സാഹിബ്, അനിത്ര ജോമി എ.വി, സലിം പള്ളിയിൽ, മുഹമ്മദ് ഫൈസൽ മണപ്രത്ത്, പീറ്റർ വർഗീസ്, സഹീദ് പുത്തൻപീടികയിൽ എന്നിവർക്കും സൗദി ദേശീയ ദിനത്തിൽ ആദരവ് നൽകും. റിയാദ് മൻസൂറയിലെ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ രാവിലെ नौ മണിക്ക് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഉന്നത ജനാധിപത്യ-മതനിരപെക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഉപന്യാസങ്ങൾ മികച്ച നിലവാരം പുലർത്തിയതായി ജൂറി അംഗങ്ങൾ വിലയിരുത്തി. മാധ്യമപ്രവർത്തകരായ നജീം കൊച്ചുകലുങ്ക്, വി.ജെ. നസ്രുദീൻ, ഷിബു ഉസ്മാൻ, സാമൂഹികപ്രവർത്തകരായ അഡ്വ. എൽ.കെ. അജിത്, സുധീർ കുമ്മിൾ എന്നിവരായിരുന്നു വിധിനിർണ്ണയം നടത്തിയത്. പ്രവാസി കുട്ടികൾ സ്വന്തം കൈപ്പടയിലെഴുതിയ രചനകൾ ഏറെ ശ്രദ്ധേയമായെന്നും മാതൃഭാഷാ പഠനത്തെയും വായനയെയും പ്രോത്സാഹിപ്പിക്കാൻ ഇത് സഹായിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

വരുംദിവസങ്ങളിൽ കൂടുതൽ സാഹിത്യ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സംഘടന ഊന്നൽ നൽകുമെന്നും അർഹരായ മുൻ പ്രവാസികളായ വൃക്കരോഗികൾക്കുള്ള ചികിത്സാ സഹായവും റമദാൻ കിറ്റ് വിതരണവും തുടർന്നും നടപ്പിലാക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ജി. വേണുഗോപാൽ, ബിനോയ് മത്തായി, നൗഷാദ് യാക്കൂബ്, സഫീർ അലി, നാസർ പൂവ്വാർ, തൊമ്മിക്കുഞ്ഞ് സ്രാമ്പിക്കൽ, അബ്ദുൽ റഷീദ്, സിയാദ് വർക്കല തുടങ്ങിയവർ പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles