‘ആരവം’ മെഗാ ലൈവ് മ്യൂസിക് ഷോ ഒക്ടോബർ 16-ന്

റിയാദ്: എൻ. ആർ. കെ ഫോറവും മൂൺഗ്‌ളൈഡ് എന്റർടൈൻമെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രമുഖ റാപ്പർ വേടന്റെ മെഗാ ലൈവ് മ്യൂസിക് ഇവന്റായ ‘ആരവം’ ഒക്ടോബർ 2, 2026-ന് റിയാദിലെ ദിറാബ് ഡ്രിഫ്റ്റ് പാർക്കിൽ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ചില സാങ്കേതിക കാരണങ്ങളാൽ പരിപാടി ഒക്ടോബർ 16, വെള്ളിയാഴ്ചയിലേക്ക് മാറ്റിവെച്ചതായി സംഘാടകർ റിയാദിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഷോയുടെ വേദിയായ ദിറാബ് പാർക്കിന്റെ പരിസരങ്ങളിൽ സൗദി ഗതാഗത മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഹൈവേ നവീകരണ പ്രവൃത്തികൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പരിപാടിയുടെ തീയതി പുനഃക്രമീകരിച്ചത്.

ദിറാബ് മേഖല കേന്ദ്രീകരിച്ച് നടക്കുന്ന റോഡ് വികസന-നിർമാണ പ്രവർത്തനങ്ങൾ കാരണം പ്രദേശത്ത് നിലവിൽ പൊടിപടലങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഇത് പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന ആയിരക്കണക്കിന് കാണികൾക്ക് ആരോഗ്യപ്രശ്നങ്ങൾക്കും യാത്രാതടസ്സങ്ങൾക്കും കാരണമായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സംഘാടകർ പരിപാടി മാറ്റിവെക്കാൻ തീരുമാനിച്ചത്.

നിലവിലുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഏകദേശം രണ്ടാഴ്ചയെടുക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരം. ഒക്ടോബർ 2-ലെ ഷോയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള മുഴുവൻ പേർക്കും നിലവിലുള്ള അതേ ടിക്കറ്റ് ഉപയോഗിച്ച് ഒക്ടോബർ 16-ന് പരിപാടിയിൽ പ്രവേശനം അനുവദിക്കുന്നതാണ്.

വേടന് പുറമെ ആര്യ ദയാൽ, യോഗി ശേഖർ, H3M, DJ സിബിൻ, V-Freek എന്നിവരും മെഗാ ഷോയിൽ പങ്കെടുക്കും. ഏകദേശം 20,000 പേർക്ക് പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് ദിറാബിൽ ‘ആരവം’ ഷോയ്ക്കായി വേദി ഒരുക്കുന്നത്. സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ ആവശ്യമായ അനുമതികളെല്ലാം ഇതിനകം ലഭിച്ചതായും സംഘാടകർ അറിയിച്ചു.

ഷോയുടെ ടിക്കറ്റ് വിൽപ്പന മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. എൻ. ആർ. കെ ഫോറത്തിലെ അംഗ സംഘടനകൾ മുഖാന്തരവും റിയാദിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വഴിയുമാണ് പ്രധാനമായും ടിക്കറ്റ് വിൽപ്പന നടക്കുന്നത്. കൂടാതെ, റിയാദിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റുകൾ, പോളിക്ലിനിക്കുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിലും ടിക്കറ്റുകൾ ലഭ്യമാണ്.

50 റിയാൽ മുതൽ 1,500 റിയാൽ വരെയുള്ള വിവിധ ശ്രേണികളിലുള്ള ടിക്കറ്റുകളാണ് ലഭ്യമാക്കിയിട്ടുള്ളത്.
പ്രമുഖ റീട്ടെയിൽ ശൃംഖലയായ മാർക്ക് & സേവ് ആണ് മെഗാ ഷോയുടെ മുഖ്യ പ്രായോജകർ. സോനാ ജ്വല്ലറി സഹപ്രായോജകരാണ്. റിയാദിലെ നിരവധി പ്രമുഖ സ്ഥാപനങ്ങളും ‘ആരവം’ മെഗാ ഷോയുമായി സഹകരിക്കുന്നുണ്ട്.

പരിപാടിയുടെ തീയതി മാറ്റിവെച്ചതിൽ പ്രേക്ഷകർക്കുണ്ടാകുന്ന അസൗകര്യത്തിൽ സംഘാടകർ ഖേദം രേഖപ്പെടുത്തി. കൂടുതൽ മികച്ച സൗകര്യങ്ങളോടെയും സുരക്ഷിതമായ അന്തരീക്ഷത്തിലും സംഗീതാസ്വാദകർക്ക് ‘ആരവം’ സമ്മാനിക്കുകയാണ് ലക്ഷ്യമെന്നും സംഘാടകർ അറിയിച്ചു

വാർത്താ സമ്മേളനത്തിൽ എൻ. ആർ. കെ. ഫോറം ചെയർമാൻ സി. പി. മുസ്തഫ, കൺവീനർ സുരേന്ദ്രൻ കൂട്ടായി, ട്രഷറർ യഹ്‌യ കൊടുങ്ങല്ലൂർ, മൂൺഗ്‌ളൈഡ് എന്റർടൈൻമെന്റ് പ്രതിനിധി ധനേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles