പാലക്കാട്: ചാലിശ്ശേരിയിൽ പ്രവാസി വ്യവസായി മുഹമ്മദാലിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഈ ആസൂത്രിത നീക്കത്തിന് പിന്നിൽ നാല് ക്വട്ടേഷൻ സംഘങ്ങൾ സംയുക്തമായി പ്രവർത്തിച്ചതായാണ് പോലീസ് കണ്ടെത്തൽ. കാസർഗോഡ് സ്വദേശിയും നിലവിൽ ഖത്തറിലുള്ള പ്രവാസിയുമായ റഫീഖാണ് ഈ സംഭവത്തിന്റെ പ്രധാന സൂത്രധാരനെന്ന് പോലീസ് തിരിച്ചറിഞ്ഞു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. മുഹമ്മദാലിയുമായി അടുത്ത ബന്ധമുള്ളവർക്കും ഈ ക്വട്ടേഷനിൽ പങ്കുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേർ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ മാസം ആറാം തീയതിയാണ് മുഹമ്മദാലിയെ സംഘം തട്ടിക്കൊണ്ടുപോയി ഒരു വീട്ടിൽ ബന്ദിയാക്കി ക്രൂരമായി മർദ്ദിച്ചത്. അവിടെനിന്നും അദ്ദേഹം സാഹസികമായി രക്ഷപ്പെടുകയായിരുന്നു. സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണമെന്നാണ് സൂചന. പിടിയിലായ പ്രതികളെ കഴിഞ്ഞദിവസം നടത്തിയ തിരിച്ചറിയൽ പരേഡിൽ മുഹമ്മദാലി തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ മറ്റ് ആറ് പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ്. ഷൊർണ്ണൂർ ഡി.വൈ.എസ്.പി മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്.



