ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനുള്ളിലെ (ECI) ഭരണഘടനാ പ്രതിസന്ധി കടുക്കുന്നതിനിടെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) രംഗത്തെത്തി. 48 മണിക്കൂറിനുള്ളിൽ അദ്ദേഹം രാജി സമർപ്പിച്ചില്ലെങ്കിൽ ഡൽഹിയിലും രാജ്യത്തുടനീളവും ശക്തമായ കുത്തിയിരിപ്പ് സമരങ്ങളും പ്രക്ഷോഭങ്ങളും ആരംഭിക്കുമെന്ന് പാർട്ടി കടുത്ത മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും അടിയന്തരമായി നിർത്തിവെക്കണമെന്നും, വോട്ടർ പട്ടികയുടെ പ്രത്യേക സമഗ്ര തീവ്രപരിഷ്കരണ (SIR) നടപടികൾ 2025-ലെ സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.
ഡൽഹിയിൽ വിളിച്ചുചേർത്ത അടിയന്തര വാർത്താസമ്മേളനത്തിൽ സി.ജെ.പി സ്ഥാപകനും കൺവീനറുമായ അഭിജിത് ദീപ്‌കെ, കോ-കൺവീനർ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരാണ് പാർട്ടിയുടെ നിലപാട് പ്രഖ്യാപിച്ചത്. കമ്മീഷനുള്ളിലെ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് ‘ഇന്ത്യൻ എക്സ്പ്രസ്’ പുറത്തുവിട്ട അന്വേഷണാത്മക റിപ്പോർട്ടിന് പിന്നാലെയാണ് ഡൽഹിയിൽ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയത്. “ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ തെരുവിിലിറങ്ങുകയല്ലാതെ മറ്റു വഴിയില്ല” എന്ന് ദീപ്‌കെ വ്യക്തമാക്കി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി, ഗ്യാനേഷ് കുമാറിനും അദ്ദേഹത്തിന് നിർദ്ദേശം നൽകിയവർക്കുമെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കൽ, വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളും മരവിപ്പിക്കൽ എന്നിവയാണ് സൗരവ് ദാസ് മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. ഇതിനുപുറമെ, എസ്.ഐ.ആറുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള സമിതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന നിയമം റദ്ദാക്കണമെന്നും സി.ജെ.പി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കഴിഞ്ഞ 10 മാസത്തിനിടെ സി.ഇ.സിയുടെ തീരുമാനങ്ങൾക്കെതിരെ 14 തവണ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെന്ന വെളിപ്പെടുത്തലാണ് വിവാദത്തിന് അടിസ്ഥാനം. എന്നാൽ, വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വാഭാവിക പ്രക്രിയ മാത്രമാണെന്നും എസ്.ഐ.ആർ ഉൾപ്പെടെയുള്ള നയപരമായ തീരുമാനങ്ങളെല്ലാം കമ്മീഷൻ ഐക്യകണ്ഠേനയാണ് കൈക്കൊണ്ടതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വിശദീകരണം.



