പ്രധാനമന്ത്രിക്കൊപ്പമുള്ള എ.ഐ വ്യാജ ചിത്രം പ്രചരിപ്പിച്ചു; സി.ജെ.പി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചേർത്ത് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച അശ്ലീല വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. സി.ജെ.പി കൺവീനർ അഭിജീത് ദീപ്‌കെ, വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവർക്കാണ് ജസ്റ്റിസ് ഗിരീഷ് കത്പാലിയയുടെ ബെഞ്ച് നോട്ടീസ് അയച്ചത്. തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണവും വധഭീഷണിയും കണക്കിലെടുത്ത് ഹരജിക്കാരിയായ യുവതിക്ക് അടിയന്തരവും പൂർണ്ണവുമായ പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഡൽഹി പോലീസിന് കോടതി നിർദ്ദേശം നൽകി.

ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ സി.ജെ.പി നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ പ്രതികൾ തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സ്വകാര്യ ചിത്രങ്ങൾ അനധികൃതമായി കൈക്കലാക്കുകയും, എ.ഐ ഫേസ്-സ്വാപ്പിംഗ് ടൂളുകൾ ഉപയോഗിച്ച് മുഖം മാറ്റി അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടന്റ് ക്രിയേറ്റർ കൂടിയായ യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ഈ ചിത്രങ്ങൾ വലിയ ബാനറുകളിൽ അച്ചടിച്ച് പ്രതിഷേധ സ്ഥലത്ത് പരേഡ് നടത്തുകയും, ലൈംഗികച്ചുവയുള്ള മുദ്രാവാക്യങ്ങൾക്കൊപ്പം ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലും ചില അശ്ലീല വെബ്‌സൈറ്റുകളിലും പ്രചരിപ്പിക്കുകയും ചെയ്തതായി ഹരജിയിൽ പറയുന്നു.

വ്യാജ ചിത്രങ്ങൾ പ്രചരിച്ചതോടെ നിരന്തരമായ സൈബർ ആക്രമണങ്ങളും ബലാത്സംഗ ഭീഷണികളും കടുത്ത മാനസിക ആഘാതവുമാണ് താൻ നേരിടുന്നതെന്ന് യുവതി വ്യക്തമാക്കി. കേസിൽ പോലീസിൽ പരാതി നൽകി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും സാങ്കേതികമായി ചിത്രങ്ങൾ നീക്കം ചെയ്യാനോ കുറ്റവാളികളെ പിടികൂടാനോ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയം അടിയന്തരമായി പരിഗണിച്ച ഹൈക്കോടതി, ഇത്തരം വ്യാജ ലിങ്കുകൾ പരിശോധിച്ച് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് 24 മണിക്കൂറിനകം നീക്കം ചെയ്യാൻ മെറ്റ (Meta) കമ്പനിക്ക് നിർദ്ദേശം നൽകി.

യുവതിയുടെ ജീവന് ഭീഷണിയുള്ളതിനാൽ അവരുടെ താമസസ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് മാത്രമായി വിവരങ്ങൾ കൈമാറണമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ പ്രധാനമന്ത്രുടെയും ഒരു സ്ത്രീയുടെയും അന്തസ്സിനെ ബാധിക്കുന്ന വിഷയമായതിനാൽ ഇത് അതീവ ഗുരുതരമായി കാണുന്നുവെന്ന് പരാമർശിച്ച കോടതി, പോലീസിനോട് അന്വേഷണ പുരോഗതിയും എടുത്ത നടപടികളും വ്യക്തമാക്കി ഒരു ആഴ്ചയ്ക്കുള്ളിൽ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. കേസ് തുടർ വാദത്തിനായി ഒക്ടോബർ 14-ലേക്ക് മാറ്റി.

Related Articles

- Advertisement -spot_img

Latest Articles