കണ്ണൂർ: മദ്യപിച്ച് അമിതവേഗതയിൽ കാറോടിച്ച് മൂന്ന് പേരെ ഇടിച്ചുതെറിപ്പിക്കുകയും നിർത്തിയിടാതെ പോകാൻ ശ്രമിക്കുകയും ചെയ്ത അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ (എസ്.ഐ) രജിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടേതാണ് അടിയന്തര നടപടി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പന്ന്യന്നൂർ സ്വദേശിയും റെസ്റ്റോറന്റ് ജീവനക്കാരിയുമായ സ്വാതി, അതിഥി തൊഴിലാളികളായ ഹവാസ് അലി, റോക്കി ബുൾ എന്നിവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ സെപ്റ്റംബർ 21-ന് രാത്രി ദേശീയപാതയിൽ കണ്ണോത്തുംചാൽ ഭാഗത്തുവെച്ചായിരുന്നു അപകടം. മദ്യലഹരിയിലായിരുന്ന എസ്.ഐ രജിത്ത് അമിതവേഗതയിൽ ഓടിച്ച വാഹനം വഴിനടന്നുപോവുകയായിരുന്ന മൂവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചുപോകാൻ ശ്രമിച്ച ഇയാളെ, സംഭവം കണ്ടുനിന്ന നാട്ടുകാർ പിന്തുടർന്ന് പിടികൂടി ടൗൺ പൊലീസിന് കൈമാറുകയായിരുന്നു.
വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ പൊലീസുകാരൻ കാലുറപ്പിച്ചു നിൽക്കാൻ പോലും കഴിയാത്തവിധം മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാരും പരുക്കേറ്റവരും പറഞ്ഞു. തുടർന്ന് കണ്ണൂർ ടൗൺ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. ഗുരുതരമായ കൃത്യവിലോപവും നിയമലംഘനവും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിയും സസ്പെൻഷനും ഉണ്ടായിരിക്കുന്നത്



