തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: സി.ഇ.സി ഗ്യാനേഷ് കുമാർ ജനങ്ങൾക്ക് മുന്നിൽ ഉത്തരം നൽകണം; എൻ.ഡി.എ ഘടകകക്ഷികൾ

ന്യൂഡൽഹി: വോട്ടർപട്ടികയിലെ അട്ടിമറി ആരോപണങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ (ECI) ഭരണഘടനാ പ്രതിസന്ധിയിലും സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരെ രോഷം രാജ്യവ്യാപകമായി ആളിപ്പടരുന്നതിനിടെ, കമ്മീഷനോട് ഔദ്യോഗിക വിശദീകരണം ആവശ്യപ്പെട്ട് ഭരണപക്ഷത്തെ (NDA) പ്രമുഖ ഘടകകക്ഷികളും രംഗത്ത്. മറ്റു രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും ഉന്നയിച്ച ഗുരുതര പരാതികളിൽ സത്യസന്ധമായ മറുപടി നൽകാൻ കമ്മീഷന് ഉത്തരവാദിത്തമുണ്ടെന്ന് തെലുഗുദേശം പാർട്ടി (TDP), ലോക് ജൻശക്തി പാർട്ടി – രാംവിലാസ് (LJP), രാഷ്ട്രീയ ലോക് മോർച്ച (RLM) എന്നീ സഖ്യകക്ഷികൾ പരസ്യമായി ആവശ്യപ്പെട്ടു.

കമ്മീഷനുള്ളിലെ ജനാധിപത്യവിരുദ്ധമായ ആഭ്യന്തര ഭിന്നത പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസം തകരുകയാണെന്ന് എൻ.ഡി.എ ഘടകകക്ഷി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പസ്വാൻ പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങൾക്ക് അപ്പുറം സ്വതന്ത്ര ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷനും സി.ഇ.സിയും ജനങ്ങൾക്ക് മുന്നിൽ കാര്യങ്ങൾ തുറന്നുപറയണം. വിവാദം ജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കാൻ കമ്മീഷൻ തയ്യാറാകണമെന്നും ആർ.എൽ.എം നേതാവ് ഉപേന്ദ്ര കുഷ്വാഹയും ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ സുതാര്യത ഉറപ്പാക്കാൻ കമ്മീഷൻ അടിയന്തരമായി സംശയങ്ങൾ നിവാരണം ചെയ്യണമെന്ന് ടി.ഡി.പി നേതാവ് ലവു ശ്രീകൃഷ്ണ ദേവരായലുവും വ്യക്തമാക്കിക്കഴിഞ്ഞു.

അതിനിടെ, ഗ്യാനേഷ് കുമാറിന്റെ അടിയന്തര രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം കോൺഗ്രസിന്റെയും ഇടത് സംഘടനകളുടെയും നേതൃത്വത്തിൽ വൻ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. ഡൽഹി ജന്തർ മന്തറിലും കമ്മീഷൻ ആസ്ഥാനത്തും നടന്ന ശക്തമായ ഉപവാസ സമരങ്ങൾക്കും മാർച്ചിനും നേരെ പോലീസ് കടുത്ത ബലപ്രയോഗം നടത്തി. പ്രതിഷേധക്കാരെ പൂർണ്ണമായും കസ്റ്റഡിയിലെടുത്ത് നീക്കിയ പോലീസ് ജന്തർ മന്തറിലേക്കുള്ള വഴികളെല്ലാം അടച്ചുപൂട്ടി. ഐസ (AISA) നേതാവ് നേഹ ബോറ, യോഗേന്ദ്ര യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര, ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയ പ്രമുഖ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

തനിക്കെതിരെ പ്രക്ഷോഭം രാജ്യവ്യാപകമായി ആളിപ്പടരുകയും സഖ്യകക്ഷികൾ വരെ എതിർപ്പുമായി എത്തുകയും ചെയ്തതോടെ, ഉത്തർപ്രദേശിൽ പങ്കെടുക്കാനിരുന്ന രണ്ട് ഔദ്യോഗിക പൊതുപരിപാടികൾ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി റദ്ദാക്കി. ജമ്മു-കശ്മീർ, ബിഹാർ, അസം, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ എല്ലാ പ്രധാന സംസ്ഥാനങ്ങളിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെയുള്ള പ്രതിഷേധങ്ങൾ ഇരമ്പുകയാണ്.

Related Articles

- Advertisement -spot_img

Latest Articles