കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ കെ.പി. അബൂബക്കർ ഹസ്രത്ത് (അബൂബക്കർ ബാഖവി) അന്തരിച്ചു. വർക്കല ജാമിഅ മന്നാനിയ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലായി ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം കേരളത്തിലെ മുസ്ലിം വൈജ്ഞാനിക രംഗത്തെ ശ്രദ്ധേയനായ വ്യക്തിത്വമായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
ജനകീയനായ പണ്ഡിതൻ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന ഹസ്രത്ത്, ദക്ഷിണ കേരളത്തിലെ ഇസ്‌ലാമിക പ്രബോധന രംഗത്തും മതസൗഹാർദ്ദം നിലനിർത്തുന്നതിലും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. നിരവധി ശിഷ്യസമ്പത്തിന് ഉടമയായ അദ്ദേഹം ഗ്രന്ഥകർത്താവും പ്രഭാഷകനും കൂടിയായിരുന്നു. ഖബറടക്കം ഇന്ന് (ഞായറാഴ്ച) വൈകുന്നേരം നാല് മണിക്ക് കൊല്ലം മുട്ടയ്ക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അദ്ദേഹത്തോടുള്ള ആദരസൂചകമായി മന്നാനിയ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



