ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണത്തിൽ നിർണ്ണായകമായ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയവും ശ്വാസകോശവും വെടിയുണ്ട തുളച്ചുകയറിയുണ്ടായ മാരകമായ മുറിവാണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വലതു കൈ ഉപയോഗിച്ച് ശരീരത്തോട് ചേർത്തുവെച്ച് (പോയിന്റ് ബ്ലാങ്ക്) ഇടത് നെഞ്ചിന് താഴെയാണ് അദ്ദേഹം വെടിയുതിർത്തത്. മൃതദേഹത്തിൽ നിന്ന് 6.35 എം.എം വലിപ്പമുള്ള വെടിയുണ്ട കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച രക്തസാമ്പിളുകളും മറ്റ് തെളിവുകളും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കർണാടക പോലീസിലെ സി.ഐ.ഡി വിഭാഗം അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ റോയിയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടെയാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ചില സുപ്രധാന രേഖകൾ ഹാജരാക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിന് പിന്നാലെ അദ്ദേഹം തന്റെ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ചാണ് ഇത് സംഭവിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോയിയുടെ ഡയറിയും രണ്ട് മൊബൈൽ ഫോണുകളും കൃത്യത്തിന് ഉപയോഗിച്ച തോക്കും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഡിസംബറിൽ നടന്ന റെയ്ഡിൽ എല്ലാ രേഖകളും സമർപ്പിച്ചിട്ടും വീണ്ടും പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ അദ്ദേഹത്തെ വേട്ടയാടുകയായിരുന്നുവെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിക്കുന്നു.



