കാസറഗോഡ്: വലിയ തോതിലുള്ള ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ കാസറഗോഡ് കുമ്പളയിലെ ആരിക്കാടി ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന കേന്ദ്ര സർക്കാർ നിയമം നിലനിൽക്കെ, തലപ്പാടിക്ക് പുറമെ ആരിക്കാടിയിലും ടോൾ പിരിവ് ആരംഭിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. ജനുവരി ആദ്യ വാരം മുതൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ജനകീയ ആക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ തെരുവിലിറങ്ങി ശക്തമായ സമരം നടത്തിയിരുന്നു.
60 കിലോമീറ്റർ ദൂരപരിധി പാലിക്കുമെന്ന് ദേശീയ പാത അതോറിറ്റിയും കേന്ദ്ര മന്ത്രിയും മുൻപ് ഉറപ്പു നൽകിയിരുന്നെങ്കിലും ഇത് ലംഘിച്ചുകൊണ്ടായിരുന്നു ആരിക്കാടിയിലെ പണപ്പിരിവ്. സമരത്തിനിടെ എ.കെ.എം അഷ്റഫ് എം.എൽ.എ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്ഷൻ കമ്മിറ്റിയുടെ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം ഉണ്ടായിരിക്കുന്നത്. ജനകീയ സമരത്തിന്റെ വലിയ വിജയമാണിതെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പ്രതികരിച്ചു. കേന്ദ്ര നിർദ്ദേശം വന്നതോടെ ആരിക്കാടിയിലെ ടോൾ ബൂത്തുകൾ ഉടൻ അടച്ചുപൂട്ടും.



