വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും നേരെ കൃത്യമായ ആക്രമണം നടത്താൻ ഇറാനെ സഹായിക്കുന്നത് റഷ്യയാണെന്ന് വെളിപ്പെടുത്തൽ. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക വിന്യാസങ്ങൾ, യുദ്ധക്കപ്പലുകളുടെ സ്ഥാനം, വിമാനങ്ങളുടെ നീക്കം എന്നിവ സംബന്ധിച്ച തത്സമയ രഹസ്യാന്വേഷണ വിവരങ്ങൾ റഷ്യ ഇറാനുമായി പങ്കുവെക്കുന്നതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന ഈ വിവരങ്ങൾ, നിലവിലെ സംഘർഷത്തിൽ റഷ്യയുടെ പരോക്ഷമായ ഇടപെടലിന്റെ വ്യക്തമായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
റഷ്യയുടെ അത്യാധുനിക ഉപഗ്രഹ സംവിധാനങ്ങൾ വഴി ലഭിക്കുന്ന വിവരങ്ങളാണ് ഇറാൻ തങ്ങളുടെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്നത്. ഇറാന്റെ സ്വന്തം ഉപഗ്രഹ ശേഷി പരിമിതമായതിനാൽ, റഷ്യ നൽകുന്ന ഈ വിവരങ്ങൾ അമേരിക്കയുടെ റഡാർ കേന്ദ്രങ്ങളെയും തന്ത്രപ്രധാനമായ സൈനിക താവളങ്ങളെയും കൃത്യമായി ലക്ഷ്യം വെക്കാൻ ഇറാനെ സഹായിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കുവൈറ്റിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ മാരകമായ ഡ്രോൺ ആക്രമണത്തിന് പിന്നിലും ഇത്തരം രഹസ്യവിവരങ്ങൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് സൈനിക നിരീക്ഷകർ കരുതുന്നത്. റഷ്യയുടെ ഏകദേശം 110-ഓളം സൈനിക ഉപഗ്രഹങ്ങൾ നിലവിൽ ഈ ലക്ഷ്യത്തിനായി നിരീക്ഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിന്റെ നീക്കങ്ങൾ പോലും നിരീക്ഷിക്കാൻ റഷ്യയുടെ സഹായത്തോടെ ഇറാന് സാധിക്കുന്നുണ്ട്. ഇത് അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. യുക്രൈൻ യുദ്ധത്തിൽ അമേരിക്ക യുക്രൈന് നൽകുന്ന സൈനിക-സാങ്കേതിക സഹായത്തിന് പകരമായി റഷ്യ നടത്തുന്ന ഒരു ‘മധുരപ്രതികാരം’ കൂടിയായാണ് ഇതിനെ കാണുന്നത്. വൈറ്റ് ഹൗസ് വക്താക്കൾ ഈ റിപ്പോർട്ടുകളെ പൂർണ്ണമായും തള്ളിക്കളഞ്ഞില്ലെങ്കിലും, ഇത്തരം ഇടപെടലുകൾ നിലവിലെ യുദ്ധഗതിയെ മാറ്റില്ലെന്നും ഇറാൻ്റെ സൈനിക ശേഷി തകർത്തുകൊണ്ടിരിക്കുകയാണെന്നും പ്രതികരിച്ചു. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ റഷ്യയുടെ ഈ രഹസ്യവിവര പങ്കിടൽ മേഖലയിലെ അമേരിക്കൻ ആസ്തികൾക്ക് വലിയ ഭീഷണിയായി മാറും.



