ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ശേഷം ആദ്യമായി പാർലമെന്റിലെത്തിയ ധർമ്മേന്ദ്ര പ്രധാന് ബി.ജെ.പി അംഗങ്ങൾ സ്വീകരണം നൽകിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ധർമ്മേന്ദ്ര പ്രധാൻ തകർന്ന വിദ്യാഭ്യാസ വ്യവസ്ഥയുടെയും അഴിമതിയുടെയും പ്രതീകമാണെന്നും, ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർത്തതിന്റെ ആഘോഷമാണ് അദ്ദേഹത്തിന് നൽകിയ സ്വീകരണത്തിലൂടെ കണ്ടതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചത് ധാർമ്മികത മുൻനിർത്തിയല്ലെന്നും മററിച്ച് രാജ്യത്തെ യുവാക്കളുടെ ശക്തമായ പ്രതിഷേധം ഭയന്നാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിന് ബി.ജെ.പി പാർലമെന്റിൽ നൽകിയ സ്വീകരണം രാജ്യത്തിന് തന്നെ അപമാനമാണ്. രാജ്യത്തെ ഓരോ വിദ്യാർത്ഥിയും ഈ ആഘോഷം കാണുന്നുണ്ടെന്നും ഇതിൽ ഉൾപ്പെട്ട ഓരോ മുഖവും അവർ ഓർത്തു വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പാർലമെന്റിലെത്തിയ ധർമ്മേന്ദ്ര പ്രധാന് ‘ധർമ്മേന്ദ്ര പ്രധാൻ സിന്ദാബാദ്’ വിളികളോടെ ബി.ജെ.പി അംഗങ്ങൾ വട്ടം കൂടി നിന്ന് പരമ്പരാഗത രീതിയിലുള്ള തൊപ്പി ധരിപ്പിച്ചാണ് ഊഷ്മളമായ സ്വീകരണം നൽകിയത്. വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ രാജിവെക്കേണ്ടി വന്ന നേതാവിന് നൽകിയ ഈ സ്വീകരണം ഇതിനോടകം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.



