വഖ്ഫ് ബോർഡ് പുനഃസംഘടനയിൽ പിന്മാറി സർക്കാർ; ഹൈക്കോടതിയിൽ വിശദമായ സത്യവാങ്മൂലം നൽകും

കോഴിക്കോട്: വഖ്ഫ് ബോർഡ് അടിയന്തരമായി പുനഃസംഘടിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ തൽക്കാലം പിന്നോട്ട് പോയി. ധൃതിപിടിച്ച് പുനഃസംഘടന നടത്തിയാൽ രണ്ട് അമുസ്ലിം അംഗങ്ങളെ കൂടി ബോർഡിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നും, ഇത് വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹരജിയിൽ സുപ്രിംകോടതിയിൽ തിരിച്ചടിയാകുമെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് ഈ തീരുമാനം. നേരത്തെ 2025-ൽ ഭേദഗതി ചെയ്ത വഖ്ഫ് നിയമത്തിലെ സെക്ഷൻ 14(1) പ്രകാരം ബോർഡ് പുനഃസംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെയും സുപ്രിംകോടതിയെയും അറിയിച്ചിരുന്നു. വിഷയം അടുത്ത മാസം 18-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെ, ഈ മാസം 15-നകം വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

വഖ്ഫ് ഭേദഗതി നിയമത്തിലെ സെക്ഷൻ 14(1) ചോദ്യം ചെയ്തുള്ള ഹരജികൾ അടുത്ത മാസം 25-നാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. വഖ്ഫ് എന്നത് ഇസ്ലാംമത വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ അമുസ്ലിങ്ങളെ ഭരണസമിതിയിൽ ഉൾപ്പെടുത്തുന്നത് യുക്തിരഹിതവും ഭരണഘടനാപരമായ മൗലികാവകാശങ്ങൾക്ക് വിരുദ്ധവുമാണെന്ന നിലപാടാണ് സംസ്ഥാന സർക്കാറും മുസ്ലിം ലീഗും സുപ്രിം കോടതിയിൽ സ്വീകരിച്ചിട്ടുള്ളത്. അതിനാൽ ഇതിന് വിരുദ്ധമായി ബോർഡ് പുനഃസംഘടിപ്പിച്ചാൽ കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാർ കരുതുന്നു. നിലവിൽ ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, സുപ്രിം കോടതിയിലെ സീനിയർ അഭിഭാഷകരുടെ നിയമോപദേശം തേടിയ ശേഷം മാത്രം തുടർന്നടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് മന്ത്രിസഭാ യോഗത്തിൽ ഉയർന്ന തീരുമാനം.

സുപ്രിം കോടതി കേസ് പരിഗണിക്കുന്നതിനാൽ രണ്ട് അംഗങ്ങളെ ഒഴിച്ചിട്ട് മാനദണ്ഡപ്രകാരം ബോർഡ് പുനഃസംഘടിപ്പിക്കാം എന്ന നിലപാടായിരിക്കും ഓഗസ്റ്റ് 18-ന് ഹൈക്കോടതിയിൽ സർക്കാർ സ്വീകരിക്കുക. നിലവിലെ ബോർഡിൽ പണ്ഡിതന് പകരം അഭിഭാഷകനെ നാമനിർദേശം ചെയ്തതും മുതവല്ലിയല്ലാത്തയാളെ മുതവല്ലി പ്രതിനിധിയാക്കിയതും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടും. കൂടാതെ, വഖ്ഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പ് ജോയിന്റ് സെക്രട്ടറി മദീന ബീഗത്തെ എക്സ് ഒഫീഷ്യോ അംഗമായി നാമനിർദേശം ചെയ്ത് ഉത്തരവിറക്കിയ വിവരവും കോടതിയെ അറിയിക്കും. ഹൈക്കോടതിയുടെ അന്തിമവിധി വന്നശേഷമേ ബോർഡ് പുനഃസംഘടനയിൽ അന്തിമ തീരുമാനം കൈക്കൊള്ളൂ.

 

Related Articles

- Advertisement -spot_img

Latest Articles