യമനിൽ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം; മിസൈൽ വിക്ഷേപണ താവളങ്ങളും ആയുധശേഖരങ്ങളും തകർത്തു

സനാ: യമനിലെ മധ്യ പ്രവിശ്യയായ മാരിബിലും വടക്കൻ പ്രവിശ്യയായ അൽ-ജൗഫിലും ഹൂതി വിമതരുടെ താവളങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം. മാരിബ്, അൽ-ജൗഫ് പ്രവിശ്യകളിലെ അൽ-ജൂബ അൽ-സഫ്ര, മജ്‌സാർ എന്നീ പ്രദേശങ്ങളിൽ ഹൂതികൾ സജ്ജമാക്കിയിരുന്ന മിസൈൽ ലോഞ്ചറുകൾ, കത്യുഷ റോക്കറ്റ് വിക്ഷേപണ താവളങ്ങൾ, ആയുധ സംഭരണകേന്ദ്രങ്ങൾ എന്നിവ ആക്രമണത്തിൽ തകർത്തതായി യമൻ ടി.വി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ മിസൈൽ വിക്ഷേപണ വിദഗ്ദ്ധർ ഉൾപ്പെടെ നിരവധി ഹൂതി പ്രവർത്തകർ കൊല്ലപ്പെട്ടതായും ഔദ്യോഗിക ചാനൽ വ്യക്തമാക്കി.

എന്നാൽ ഈ വ്യോമാക്രമണം നടത്തിയത് ആരാണെന്ന കാര്യം വാർത്താ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ ഹൂതി വിഭാഗത്തിൽ നിന്നും ഉടനടി പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ചെങ്കടലിലും തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്കിലും സൗദി അറേബ്യയുമായി ബന്ധപ്പെട്ട കപ്പലുകളുടെ ഗതാഗതം പൂർണ്ണമായും തടയുമെന്ന് ഹൂതികൾ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘർഷം വീണ്ടും വൻതോതിൽ രൂക്ഷമായത്.

 

Related Articles

- Advertisement -spot_img

Latest Articles