കുവൈത്ത് സിറ്റി/അമ്മാൻ: ഇറാന് നേരെ അമേരിക്കൻ സൈന്യം തുടർച്ചയായ 12-ാം ദിവസവും കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ, മേഖലയിലെ യു.എസ് സഖ്യരാജ്യങ്ങൾക്ക് നേരെ തിരിച്ചടി ശക്തമാക്കി ഇറാൻ. അയൽരാജ്യങ്ങളായ ജോർദാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇറാൻ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടതായി പ്രാദേശിക ഭരണകൂടങ്ങൾ സ്ഥിരീകരിച്ചു.
കുവൈത്തും ഇറാഖും തമ്മിൽ അതിർത്തി പങ്കിടുന്ന തന്ത്രപ്രധാനമായ അൽ-അബ്ദാലി അതിർത്തി കവാടത്തിന് നേരെയും ഇറാന്റെ ആക്രമണമുണ്ടായി. യു.എസ് സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകുന്ന മേഖലയിലെ താവളങ്ങളെയും അതിർത്തി കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് ഇറാന്റെ ഈ പ്രത്യാക്രമണം. ബഹ്‌റൈനിലെയും ജോർദാനിലെയും തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ വന്ന ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി ഇരുരാജ്യങ്ങളും അവകാശപ്പെട്ടെങ്കിലും ആക്രമണം മേഖലയിലെ യുദ്ധഭീതി ഇരട്ടിയാക്കിയിട്ടുണ്ട്.



