23.6 C
Saudi Arabia
Saturday, March 7, 2026
spot_img

ഡിജിറ്റൽ അറസ്റ്റ്’ എന്നത് തട്ടിപ്പ് മാത്രം; നിയമപരമായ നടപടിയല്ലെന്ന് ആർബിഐ: ജാഗ്രതാ നിർദ്ദേശം

ന്യൂ ഡൽഹി : സോഷ്യൽ മീഡിയയിലൂടെയും ഫോൺ കോളുകളിലൂടെയും ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന “ഡിജിറ്റൽ അറസ്റ്റ്” എന്ന പേരിൽ നടക്കുന്ന പുതിയ സൈബർ തട്ടിപ്പിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വലിയ തോതിൽ ബോധവൽക്കരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). കൂടുതൽ ആളുകളിലേക്ക് ഈ സന്ദേശം കൃത്യമായി എത്തിക്കുന്നതിനായി വാട്‌സ്ആപ്പ് വഴിയാണ് ആർബിഐ ഇപ്പോൾ ഈ മുന്നറിയിപ്പുകൾ നൽകുന്നത്. തട്ടിപ്പ് രീതി കാണിക്കുന്ന ബോധവൽക്കരണ വീഡിയോയും കൂടെ അയക്കുന്നുണ്ട്.

 

നിയമപരമായ ഒരു നടപടിയുമല്ല “ഡിജിറ്റൽ അറസ്റ്റ്” എന്നത്.  സൈബർ തട്ടിപ്പുകാർ ആളുകളെ ഭയപ്പെടുത്തി പണം തട്ടാൻ മെനഞ്ഞെടുത്ത ഒരു കെണി മാത്രമാണ്.
ആർബിഐ, പോലീസ്, മറ്റ് സർക്കാർ ഏജൻസികൾ എന്നിവയുടെ പേര് ദുരുപയോഗം ചെയ്താണ് ഈ തട്ടിപ്പുകാർ ആളുകളെ വിശ്വസിപ്പിക്കുന്നത്. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയോ മറ്റോ നിയമവിരുദ്ധമായ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അതിനാൽ ഡിജിറ്റലായി അറസ്റ്റ് ചെയ്യുകയാണെന്നും പറഞ്ഞ് ഇവർ ആളുകളെ ഭയപ്പെടുത്തുന്നു. എന്നാൽ നിയമപരമായി ഇത്തരം ഒരു അറസ്റ്റ് നടപടി നിലവിലില്ലെന്ന് എല്ലാവരും ഓർക്കണമെന്നാണ് സന്ദേശം.

നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി ഒരിക്കലും ഫോൺ കോളുകളിലൂടെയോ വീഡിയോ കോളുകളിലൂടെയോ അറസ്റ്റ് ഉണ്ടാകില്ല. തട്ടിപ്പുകാരുടെ ഇത്തരം ഭീഷണികളിൽ ഭയപ്പെടാതെ, ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് തള്ളിക്കളയുകയാണ് വേണ്ടത്.

ഇവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പണം കൈമാറുകയോ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യുന്നത് വലിയ നഷ്ടങ്ങൾക്ക് കാരണമാകും. വിളിക്കുന്നവരുടെ ആധികാരികത ഉറപ്പുവരുത്താതെ ഒരു വിവരവും പങ്കുവെക്കരുത്. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
ഇത്തരം തട്ടിപ്പുകളിൽ പെട്ടുപോയാൽ ഒട്ടും വൈകാതെ തന്നെ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറായ 1930-ൽ വിളിച്ചോ, www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതിപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സുരക്ഷാ നിർദ്ദേശങ്ങൾക്കുമായി ആർബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Related Articles

- Advertisement -spot_img

Latest Articles