17.5 C
Saudi Arabia
Sunday, March 8, 2026
spot_img

അമേരിക്ക പറഞ്ഞത് ‘നല്ല പിള്ളേരെന്ന്’, നമ്മൾ കേട്ടത് ‘നല്ല നടന്മാരെന്ന്’. അത് പരിഭാഷയിലെ പിശക്.

കോഴിക്കോട് : റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഇന്ത്യയെക്കുറിച്ച് നടത്തിയ പരാമർശം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യക്കാർ ” ഗുഡ് ആക്ടേഴ്‌സ് ” ആണെന്ന അദ്ദേഹത്തിന്റെ പ്രസ്താവന പലയിടങ്ങളിലും “ഇന്ത്യക്കാർ മികച്ച അഭിനേതാക്കളാണ്” എന്ന രീതിയിലാണ് തെറ്റായി പരിഭാഷപ്പെടുത്തപ്പെട്ടത്. ഇത്  വലിയ രീതിയിലുള്ള പരിഹാസത്തിനാണ് വഴി വെച്ചത്.

കലയുമായോ അഭിനയവുമായോ ബന്ധപ്പെട്ട ഒന്നല്ല ഈ പ്രസ്താവന. മറിച്ച് അന്താരാഷ്ട്ര നയതന്ത്രത്തിലെ ഒരു സാങ്കേതിക പ്രയോഗം മാത്രമാണിത്. നയതന്ത്ര രംഗത്തും ബിസിനസ്സ് മേഖലയിലും ഈ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളും നിബന്ധനകളും കൃത്യമായി പാലിക്കുന്ന, മാന്യമായി സഹകരിക്കുന്ന ഒരു രാജ്യം അല്ലെങ്കിൽ വ്യക്തി എന്നാണ്. ഇംഗ്ലീഷ് ഭാഷാ ജ്ഞാനമില്ലാത്തവർ പരിഭാഷ ആപ്പുകൾ ഉപയോഗിച്ച് വാർത്ത തയ്യാറാക്കിയതിലെ പിശക് ആണ് അമേരിക്കൻ ‘ഗുഡ് ആക്ടർ’ പ്രയോഗം മലയാളത്തിൽ എത്തിയപ്പോൾ അഭിനയമായത്.

റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ത്യ ലംഘിച്ചിട്ടില്ലെന്നും, നിശ്ചയിക്കപ്പെട്ട ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാണ് ഇന്ത്യ പ്രവർത്തിച്ചതെന്നും സൂചിപ്പിക്കാനാണ് ബെസെന്റ് ഈ പദം ഉപയോഗിച്ചത്. മുൻപ് നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ പുലർത്തിയ വിശ്വാസ്യതയെയാണ് അദ്ദേഹം പ്രശംസിച്ചത്.

ഈ പ്രയോഗത്തെ വാചകാർത്ഥത്തിൽ എടുത്ത് “അഭിനയം” എന്ന് മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയായിരുന്നു.

റഷ്യയിൽ നിന്നുള്ള എണ്ണക്കപ്പലുകൾ സ്വീകരിക്കാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ താൽക്കാലിക അനുമതി നൽകുന്നതിനെ കുറിച്ച് ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിരീക്ഷണം നടത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം എണ്ണവില വർദ്ധിക്കാതിരിക്കാൻ ഇന്ത്യയെപ്പോലെ നിയമങ്ങൾ അനുസരിക്കുന്ന ഒരു പങ്കാളിയെ സഹായിക്കേണ്ടത് അനിവാര്യമാണെന്ന് അമേരിക്ക കരുതുന്നു. ആഗോള ഊർജ്ജ വിപണിയിലെ പ്രതിസന്ധി പരിഗണിച്ച് എടുത്ത ഈ തീരുമാനം, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര വിശ്വാസ്യതയുടെ അടയാളമായാണ് വിലയിരുത്തപ്പെടുന്നത്.

വാക്കുകളുടെ അർത്ഥം തെറ്റായി നൽകുന്നത് നയതന്ത്രപരമായ ചർച്ചകളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നതിനാൽ, ഇത്തരം സാങ്കേതിക പദങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ഈ സംഭവം ഓർമിക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles