24.6 C
Saudi Arabia
Monday, March 9, 2026
spot_img

ആഗോള വിപണിയിൽ എണ്ണവില നൂറ് ഡോളർ കടന്നു; ഇറാൻ യുദ്ധം ലോക സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നു

ന്യൂയോർക്ക്/സിംഗപ്പൂർ: പശ്ചിമേഷ്യയിൽ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. തിങ്കളാഴ്ച വിപണി വ്യാപാരം ആരംഭിച്ചപ്പോൾ അന്താരാഷ്ട്ര എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് (Brent Crude) ബാരലിന് 100 ഡോളർ കടന്ന് 114 ഡോളറിൽ വരെ എത്തി. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ശേഷം ഇതാദ്യമായാണ് എണ്ണവില ഇത്രയും ഉയർന്ന നിലവാരത്തിലെത്തുന്നത്. അമേരിക്കയിലെ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) വിലയിലും 20 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തി. ഇതോടെ ഏഷ്യൻ ഓഹരി വിപണികളിൽ വൻ ഇടിവുണ്ടാകുകയും നിക്ഷേപകർ ആശങ്കയിലാകുകയും ചെയ്തു.

ഹോർമുസ് കടലിടുക്ക് വഴി നടന്നിരുന്ന കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതാണ് വിപണിയിലെ ഈ അനിശ്ചിതത്വത്തിന് പ്രധാന കാരണം. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ പാത ഇറാൻ്റെ നിയന്ത്രണത്തിലായതോടെ ചരക്ക് നീക്കം നിലച്ചു. ഇറാനിലെ പ്രധാന എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളും തിരിച്ചടിയായി അയൽരാജ്യങ്ങളിലെ എണ്ണക്കമ്പനികളെ ലക്ഷ്യം വെക്കുമെന്ന ഇറാന്റെ റെവല്യൂഷണറി ഗാർഡിൻ്റെ (IRGC) മുന്നറിയിപ്പും വിപണിയെ പ്രക്ഷുബ്ധമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇന്ധനവില ബാരലിന് 150 മുതൽ 200 ഡോളർ വരെ ഉയർന്നേക്കാമെന്ന് ഖത്തർ ഊർജ്ജ മന്ത്രിയും സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, കുതിച്ചുയരുന്ന എണ്ണവില താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും ഇറാനിലെ ആണവ ഭീഷണി ഇല്ലാതാക്കാൻ നൽകേണ്ടി വരുന്ന “ചെറിയ വില” മാത്രമാണിതെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. യുദ്ധം അവസാനിക്കുന്നതോടെ വില വേഗത്തിൽ താഴെ വരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഇന്ധനവില വർധനവ് പല രാജ്യങ്ങളിലും വിലക്കയറ്റത്തിന് കാരണമാവുകയും സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. മുജ്തബ ഖാംനഈ ഇറാന്റെ പുതിയ പരമോന്നത നേതാവായി അധികാരമേറ്റതിന് പിന്നാലെ മേഖലയിൽ സൈനിക നീക്കങ്ങൾ കടുക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയൊരു മാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്.

 

Related Articles

- Advertisement -spot_img

Latest Articles