19.4 C
Saudi Arabia
Wednesday, March 11, 2026
spot_img

വിമാന യാത്രക്കാർക്ക് ഇരുട്ടടി; ടിക്കറ്റ് നിരക്കിന് പിന്നാലെ ഇന്ധന സർചാർജും ഈടാക്കാൻ എയർ ഇന്ത്യ

ന്യൂഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ യാത്രക്കാരിൽ നിന്നും ഇന്ധന സർചാർജ് ഈടാക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും തീരുമാനിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധിയാണ് വിമാനക്കമ്പനികളെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒന്ന് മുതൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ അധിക നിരക്ക് ബാധകമാകുന്നത്. പുതിയ പരിഷ്കാരം നിലവിൽ വരുന്നതോടെ ആഭ്യന്തര, അന്തർദേശീയ വിമാനയാത്രകൾക്ക് ചെലവേറും. ടിക്കറ്റ് നിരക്കിന് പുറമെ ആഭ്യന്തര സർവീസുകൾക്കും മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക്ക് രാജ്യങ്ങളിലേക്കുമുള്ള യാത്രകൾക്കും 399 രൂപ വീതം അധികമായി നൽകണം.

വിദേശ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കും വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലേക്ക് പത്ത് ഡോളറും, ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങളിലേക്ക് 20 ഡോളറും, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് 30 ഡോളറുമാണ് അധികമായി നൽകേണ്ടത്. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് മാർച്ച് 18 മുതൽ യഥാക്രമം 25 ഡോളർ മുതൽ 50 ഡോളർ വരെ സർചാർജ് നൽകേണ്ടി വരും. നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഈ വർധനവ് ബാധകമല്ലെങ്കിലും യാത്ര പുനഃക്രമീകരിക്കുകയോ തീയതി മാറ്റുകയോ ചെയ്താൽ അധിക തുക നൽകേണ്ടി വരും. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നതെന്നും ഇന്ധനവില നിയന്ത്രിക്കാൻ സർചാർജ് അല്ലാതെ മറ്റ് വഴികളില്ലെന്നുമാണ് കമ്പനികളുടെ വിശദീകരണം. വരും ദിവസങ്ങളിൽ മറ്റ് വിമാനക്കമ്പനികളും സമാനമായ രീതിയിൽ നിരക്ക് വർധിപ്പിച്ചേക്കുമെന്നാണ് സൂചന.

 

Related Articles

- Advertisement -spot_img

Latest Articles