ജിദ്ദ: വലിയ സാമ്പത്തിക ബാധ്യതയെ തുടർന്ന് സൌദിയിൽ യാത്രാവിലക്ക് നേരിടുകയും പിന്നീട് പക്ഷാഘാതം ബാധിച്ച് ജിദ്ദയിലെ അഭയകേന്ദ്രത്തിൽ കഴിയുകയും ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശിയായ പ്രവാസിക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ജിദ്ദയിൽ 15 വർഷത്തോളം സെയിൽസ്മാനായി ജോലി ചെയ്തിരുന്ന മുഹമ്മദ് അബ്ദുൽ അലീം (56) എന്ന പ്രവാസിയാണ് യൂസഫലിയുടെ കാരുണ്യത്തിൽ ജന്മനാട്ടിലേക്ക് മടങ്ങിയത്.
മുമ്പ് സെയിൽസ്മാനായി ജോലി ചെയ്യുമ്പോൾ ഗഡുക്കളായി തുക അടച്ചുതീർക്കാമെന്ന നിബന്ധനയിൽ അലീം ഒരു കാർ വാങ്ങിയിരുന്നു. എന്നാൽ ഭാര്യയ്ക്ക് ഗുരുതര രോഗം ബാധിച്ചതിനെ തുടർന്ന് മുഴുവൻ തുകയും അടച്ചുതീർക്കുന്നതിന് മുൻപ് ഇയാൾക്ക് നാട്ടിലേക്ക് പോകേണ്ടിവന്നു. പിന്നീട് ഭാര്യ മരണപ്പെടുകയും ആ ആഘാതത്തിൽ കൃത്യസമയത്ത് സൗദിയിലേക്ക് മടങ്ങാൻ സാധിക്കാതെ വരികയും ചെയ്തു. മൂന്ന് വർഷം മുൻപ് പുതിയ വിസയിൽ ഹൗസ് ഡ്രൈവറായി അലീം വീണ്ടും സൗദിയിലെത്തിയെങ്കിലും പഴയ കാർ കണ്ടെത്താനായില്ല. തുടർന്ന്, കാറിന്റെ തിരിച്ചടവ് കുടിശ്ശിക വരുത്തിയതിന് കമ്പനി നൽകിയ കേസിൽ കോടതി ഇയാൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ഇതിനിടെ ശരീരത്തിന്റെ ഒരു വശം തളർന്ന് ഗുരുതരാവസ്ഥയിലായ അലീമിനെ ചികിത്സയ്ക്ക് ശേഷം കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ ‘വഖഫ് ദാറകും’ എന്ന അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
അലീമിന്റെ ദയനീയ അവസ്ഥയറിഞ്ഞ എം.എ. യൂസഫലി വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും വാഹനം വാങ്ങിയ വകയിൽ കമ്പനിക്ക് അടച്ചുതീർക്കാനുണ്ടായിരുന്ന മുഴുവൻ തുകയും സ്വന്തം നിലയിൽ നൽകി കേസ് തീർപ്പാക്കുകയുമായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി യാത്രാവിലക്ക് ഒഴിവാക്കാൻ ലുലു ഗ്രൂപ്പ് പ്രതിനിധികളെ ചുമതലപ്പെടുത്തിയതിനെ തുടർന്ന്, ലുലു സൌദി ഡയറക്ടർ മുഹമ്മദ് ഹാരിസ് അഭയകേന്ദ്രം സന്ദർശിച്ച് അലീമിനും സഹായിക്കുമുള്ള വിമാന ടിക്കറ്റുകൾ കൈമാറി. ഇന്ത്യൻ കോൺസുലേറ്റ് എമർജൻസി സർട്ടിഫിക്കറ്റ് അനുവദിക്കുകയും ഫൈനൽ എക്സിറ്റ് അടക്കമുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്തതോടെ എല്ലാ നിയമനടപടികളും പൂർത്തിയാക്കി അലീം നാട്ടിലേക്ക് തിരിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം അംഗം ഷമീർ നദ്വി, ലുലു റീജ്യണൽ ഡയറക്ടർ അബ്ദുസലാം, ലുലു പ്രതിനിധി അബ്ദുൽ മജീദ് എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടെയുണ്ടായിരുന്നു.



