കേരള പോലീസ് അസോസിയേഷൻ പുനഃസംഘടന; സേനയിൽ പ്രതിഷേധം പുകയുന്നു

കൊച്ചി: കേരള പോലീസ് സേനയിലെ സംഘടനാ സംവിധാനത്തിൽ പൊളിച്ചെഴുത്ത് നടത്തിയ ആഭ്യന്തര വകുപ്പിന്റെ പുതിയ നടപടിയിൽ പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും പുകയുന്നു. സേനയിൽ നിലവിലുണ്ടായിരുന്ന മൂന്ന് സംഘടനകളിൽ ഒന്നായ ‘കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ’ റദ്ദാക്കുകയും, അതിലെ അംഗങ്ങളായ ഉദ്യോഗസ്ഥരെ മറ്റു രണ്ട് അസോസിയേഷനുകളിലേക്ക് വെട്ടിമുറിച്ച് മാറ്റുകയും ചെയ്തതാണ് വിനയായത്.

പുതിയ പരിഷ്കാരപ്രകാരം സി.ഐ, ഡയറക്ട് എസ്.ഐ, പ്രമോട്ടഡ് എസ്.ഐ, നോൺ ഐ.പി.എസ് എസ്.പിമാർ വരെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ ‘കേരള പോലീസ് സുപ്പീരിയർ ഓഫീസേഴ്സ് അസോസിയേഷന്റെ’ ഭാഗമാക്കി. അതേസമയം, ഗ്രേഡ് എസ്.ഐ, എ.എസ്.ഐ, ഗ്രേഡ് എ.എസ്.ഐ എന്നീ വിഭാഗങ്ങളെ ‘കേരള പോലീസ് അസോസിയേഷനിലേക്ക്’ (CPO, SCPO വിഭാഗങ്ങൾ മാത്രം മുൻപുണ്ടായിരുന്നത്) തള്ളുകയും ചെയ്തു. ഇത് തങ്ങളെ റാങ്ക് തലത്തിൽ തരംതാഴ്ത്തുന്നതിന് തുല്യമാണെന്നാണ് ഗ്രേഡ് റാങ്കിലുള്ളവരുടെ പരാതി.

സേനയിൽ മൂവായിരത്തോളം വരുന്ന എസ്.ഐമാരെ സുപ്പീരിയർ ഓഫീസേഴ്സ് അസോസിയേഷനിലേക്ക് മാറ്റിയത് അവിടുത്തെ ജനാധിപത്യപരമായ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ആരോപണമുണ്ട്. ഉയർന്ന റാങ്കിലുള്ള ഡി.വൈ.എസ്.പിമാർക്കെതിരെ സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങാൻ എസ്.ഐമാർക്ക് ഭയമായിരിക്കുമെന്നും, ഇത് മേലധികാരികളും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ശത്രുതയ്ക്കും സേനയിലെ അച്ചടക്കമില്ലായ്മയ്ക്കും വഴിവെക്കുമെന്നും ഉദ്യോഗസ്ഥർ ആശങ്കപ്പെടുന്നു.

1979-ൽ രൂപീകരിച്ച പോലീസ് സംഘടനകളുടെ ബൈലോ പ്രകാരം സംഘടനാ വ്യവസ്ഥയിൽ മാറ്റം വരുത്താൻ ജനറൽ ബോഡി ചേർന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ തീരുമാനമെടുത്ത് ഡി.ജി.പിയെ അറിയിക്കേണ്ടതുണ്ട്. എന്നാൽ ഈ ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാണ് സർക്കാരിന്റെ ഏകപക്ഷീയമായ നീക്കമെന്ന് ആരോപിക്കപ്പെടുന്നു. സർക്കാരിന്റെ ഈ നടപടിക്കെതിരെ പോലീസ് അസോസിയേഷൻ നേരത്തെ തന്നെ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചിരുന്നു. ഇതിന് പിന്നാലെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കോടതിയുടെ സുപ്രധാന വിധി വന്നേക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ് ഉദ്യോഗസ്ഥർ.

 

Related Articles

- Advertisement -spot_img

Latest Articles