കോട്ടയം: സംസ്ഥാനത്തെ മലയോര മേഖലകളിൽ തകർത്തുപെയ്ത അതിശക്തമായ മഴയിലും ഉരുൾപൊട്ടലിലും വ്യാപക നാശനഷ്ടവും നാലുപേരുടെ മരണവും റിപ്പോർട്ട് ചെയ്തു. ഇടുക്കി കുടയത്തൂർ അടൂർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേർ രവി നാരായണന്റെ ഭാര്യ സുമതി (കുടയത്തൂർ ഏഴാം വാർഡ്) മരണപ്പെട്ടു. പുലർച്ചെ രണ്ടു മണിയോടെ രവിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഇവരുടെ വീട് പൂർണ്ണമായി തകർന്നു. പരിക്കേറ്റ മകൻ രതീഷിനെ നാട്ടുകാർ രക്ഷപ്പെടുത്തി.
വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അവരുടെ ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായരും (72), പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞുവീണ് മണക്കാട്ട് റെജീന ജോണി, മകൻ ജോസഫിൻ ജോണി (24) എന്നിവരും മരണപ്പെട്ടു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ഒമ്പത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി നൽകിയിട്ടുണ്ട്. പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞൊഴുകുകയാണ്. റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന റോഡുകൾ വെള്ളത്തിനടിയിലായി. കൊട്ടാരക്കര-ദിണ്ടുഗൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു.
സാഹചര്യം നേരിടാൻ റവന്യൂ മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും കളക്ടർമാരുടെയും നേതൃത്വത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരികയാണ്. എൻ.ഡി.ആർ.എഫും പോലീസും സജ്ജമാണ്. ഇടുക്കിയിൽ (04862233111, 9383463036) കളക്ടറേറ്റിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. പൊൻമുടി, നെല്ലിയാമ്പതി, കുംഭാവുരുട്ടി വെള്ളച്ചാട്ടം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ മണ്ണിടിച്ചിലും കനത്ത മഴയും കാരണം അടച്ചുപൂട്ടി. ചാലിയം കപ്പലങ്ങാടി ബീച്ചിൽ കടലിൽ കുടുങ്ങിയ 16 മത്സ്യത്തൊഴിലാളികളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. മഴ ശക്തമായി തുടരുന്നതിനാൽ നദീതീരങ്ങളിലും അപകടമേഖലകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടർമാർ നിർദ്ദേശിച്ചു. കോട്ടയം ജില്ലയിൽ ഇതിനോടകം ആറ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.



