ന്യൂഡൽഹി: തന്നെ ഭീഷണിപ്പെടുത്തി ബി.ജെ.പിയിൽ ചേർക്കാൻ ശ്രമം നടന്നതായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ വെളിപ്പെടുത്തി. രാജ്യത്ത് സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ ഡൽഹി പോലീസ് മാരകായുധങ്ങൾ ഉപയോഗിച്ച് അതിക്രൂരമായ അടിച്ചമർത്തലാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർത്ഥിയായ തന്നെപ്പോലൊരാളെ രാജ്യത്തെ ഉന്നത പദവികൾ വഹിക്കുന്നവർ ഭീഷണിപ്പെടുത്തുന്നത് ലജ്ജാകരമാണെന്നും, യുവാക്കളെ ഭയപ്പെടുത്താനാണ് ഇത്തരം പദവികൾ ഉപയോഗിക്കുന്നതെങ്കിൽ അതിന് എന്ത് വിലയാണുള്ളതെന്നും അദ്ദേഹം ചോദ്യം ചെയ്തു. പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടും രാജ്യത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്ന ബാബാ രാംദേവിനെ പോലുള്ളവർ സ്വന്തം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അഭിജീത് പരിഹസിച്ചു. പതഞ്ജലി ഉൽപ്പന്നങ്ങളിൽ തട്ടിപ്പുണ്ടെന്നാണ് സുപ്രീം കോടതി പോലും വ്യക്തമാക്കിയിട്ടുള്ളതെന്നും, സംസ്കാരവും ജനാധിപത്യവും രാജ്യവും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ‘ജെൻ സി’ തലമുറയ്ക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ കുറ്റവാളികളെയും ബലാത്സംഗം ചെയ്യുന്നവരെയും സംരക്ഷിക്കുകയാണ്. ജനാധിപത്യം സംരക്ഷിക്കാൻ പോരാടുന്നതും, സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നതും, ഭാവിക്ക് വേണ്ടിയും വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടിയും നിലകൊള്ളുന്നതും സംസ്കാരത്തെ നശിപ്പിക്കുന്നതാണെങ്കിൽ ആ പോരാട്ടം താൻ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെ നടന്ന ക്രൂരമായ പോലീസ് നടപടിക്ക് ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉത്തരവാദിയെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണുകളും എ.കെ.-47 പോലുള്ള മാരകായുധങ്ങളുമാണ് പോലീസ് പ്രയോഗിച്ചത്. തീവ്രവാദികൾക്കെതിരെ മാത്രം ഉപയോഗിക്കേണ്ട ഇത്തരം ആയുധങ്ങൾ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് നേരെ തിരിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അഭിജീത് ദീപ്കെ കൂട്ടിച്ചേർത്തു.



