നീറ്റ് ചോദ്യപേപ്പർ ചോർച്ച: പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടിയെന്ന് ഖാർഗെ; അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമെതിരെ കേന്ദ്രസർക്കാർ പ്രതികാരബുദ്ധിയോടെ നടപടിയെടുക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ലവലേശം നാണമുണ്ടെങ്കിൽ സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷായെക്കൊണ്ട് രാജി വെപ്പിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പ്രതിഷേധം പിൻവലിച്ചാൽ വിദ്യാർത്ഥികൾക്കെതിരെ കേസ് എടുക്കില്ലെന്ന് സർക്കാർ നേരത്തെ ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ സമരം പിൻവലിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കുകയും (എഫ്.ഐ.ആർ) അവരെ നിർബന്ധിതമായി തടങ്കലിൽ വെക്കുകയുമാണെന്ന് ഖാർഗെ ആരോപിച്ചു.

ജൂലൈ 20-ന് നടന്ന ‘സൻസദ് ചലോ’ മാർച്ചിനെ ലാത്തികളും പെല്ലറ്റ് ഗണ്ണുകളും ഉപയോഗിച്ച് സർക്കാർ ക്രൂരമായി അടിച്ചമർത്തുകയായിരുന്നുവെന്ന് പാർലമെന്റിൽ സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ പ്രതിഷേധിച്ചവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയും പെൺകുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ഓൺലൈനിലൂടെ പുറത്തുവിട്ട് വേട്ടയാടുകയും ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ രാജ്യത്തോട് മറുപടി നൽകാൻ തയ്യാറാകാതെ ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.

സംഭവത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ‘ജെൻ സി-കളെ’ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ചു. ജന്തർ മന്ദിറിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പോലീസ് നടപടിയെക്കുറിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും വിദ്യാർത്ഥികൾക്കെതിരായ പീഡനങ്ങൾ അവസാനിപ്പിക്കണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

 

Related Articles

- Advertisement -spot_img

Latest Articles