നീറ്റ് പ്രതിഷേധത്തിനിടെ തന്നെയും അമ്മയെയും അധിക്ഷേപിച്ച കുട്ടികളോട് ക്ഷമിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ജെ.പിയുടെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ തന്നെയും അന്തരിച്ച അമ്മയെയും അധിക്ഷേപിച്ച കുട്ടികൾക്ക് പൂർണ്ണമായി മാപ്പു നൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പ്രത്യേക വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. “അധിക്ഷേപം ഒന്നിനും ഒരു പരിഹാരമല്ല; വഴിതെറ്റിയവരെ നമുക്ക് നേർവഴിക്ക് നയിക്കാം, ഇന്ത്യക്കായി ഒന്നിച്ച് പ്രവർത്തിക്കാം” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ജന്തർ മന്ദറിൽ നടന്ന സംഭവങ്ങൾ രാജ്യവും ലോകവും കണ്ടതാണെന്നും, ചില കുട്ടികൾ പ്രയോഗിച്ച അശ്ലീലവും അധിക്ഷേപകരവുമായ വാക്കുകൾ ഏതൊരു നാഗരിക സമൂഹത്തിനും ചേർന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജന്തർ മന്ദറിലെ സമരത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് നോയിഡയിലെ എക്‌സ്പ്രസ് വേ പോലീസ് സ്റ്റേഷനിൽ ഒരു യുവതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഭരണഘടനാ പദവിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുകയും പൊതുസമാധാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. ഇത്തരം പെരുമാറ്റങ്ങൾ വലിയ സാംസ്‌കാരിക ആഘാതമാണെന്ന് വിശേഷിപ്പിച്ച മോദി, ഒരു പെൺകുട്ടിക്ക് ചേർന്ന ഭാഷയല്ല ഇതെങ്കിലും പ്രതിഷേധക്കാർക്ക് മാപ്പ് നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി.

കുട്ടികളെ ശിക്ഷിക്കുന്നതോ കോടതി കയറ്റി ഇറക്കുന്നതോ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതോ അല്ല പരിഹാരമെന്നും, വഴിതെറ്റിയ അവരെ ചേർത്തണച്ച് ശരിയായ പാത കാണിച്ചുകൊടുക്കുകയാണ് നമ്മുടെ കടമയെന്നും അദ്ദേഹം പറഞ്ഞു. “ചിലപ്പോൾ അബദ്ധത്തിൽ സ്വന്തം നാക്ക് കടിക്കുകയും ചോര വരികയും ചെയ്യാറുണ്ട്, പക്ഷേ നമ്മൾ പല്ലുകൾ തല്ലിക്കളയാറില്ല. കാരണം പല്ലും നാക്കും നമ്മുടേതാണ്. ഈ കുട്ടികളും നമ്മുടേതാണ്. തെറ്റുകളിൽ നിന്ന് പഠിച്ച് സ്വപ്നങ്ങളുമായി മുന്നോട്ട് പോകാൻ കുട്ടികൾ തയ്യാറാകണം. രാജ്യത്തെ ഒന്നിച്ചു മുന്നോട്ട് കൊണ്ടുപോകാം,” എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

 

Related Articles

- Advertisement -spot_img

Latest Articles