ഇടുക്കി: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ഇടുക്കിയിലും കോട്ടയത്തും രൂക്ഷമായ ഉരുൾപൊട്ടൽ. തൊടുപുഴ കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശിയായ സുമതി എന്ന വീട്ടമ്മ മരണപ്പെട്ടു. പുലർച്ചെ രണ്ട് മണിയോടെയുണ്ടായ ദുരന്തത്തിൽ മഷിക്കല്ലേൽ രവിയുടെ വീട് പൂർണ്ണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടത്തിൽപ്പെട്ട രവിയെയും മകൻ രതീഷിനെയും രക്ഷപ്പെടുത്തിയെങ്കിലും സുമതി മണ്ണിനടിയിൽപ്പെടുകയായിരുന്നു.
മഴയെ തുടർന്ന് ഈരാറ്റുപേട്ട-വാഗമൺ റോഡിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കെ.കെ. റോഡിൽ വെള്ളം കയറിയ നിലയിലാണ്. കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ശക്തമായ മഴ തുടരുകയാണ്. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധയിടങ്ങളിൽ നേരിയ ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മീനച്ചിലാറും മണിമലയാറും കരകവിഞ്ഞൊഴുകുകയാണെന്നതിനൊപ്പം കുമളിയിലേക്കുള്ള ദേശീയ പാത ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. സ്ഥിതിഗതികൾ കണക്കിലെടുത്ത് ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനോടകം തുറന്നിട്ടുണ്ട്.
അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ റെഡ് അലർട്ടും തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.



