ബാഗ്‌ദാദ്: പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കൻ വ്യോമസേനയുടെ കെ.സി-135 സ്ട്രാറ്റോടാങ്കർ വിമാനം തകർന്നു വീണതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. ഇറാന്റെ നേർക്കുള്ള സൈനിക നീക്കമായ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി ഇന്ധനം നിറയ്ക്കുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരിക്കെയാണ് അപകടമുണ്ടായത്. രണ്ട് വിമാനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ ഒന്ന് പടിഞ്ഞാറൻ ഇറാഖിൽ തകരുകയും രണ്ടാമത്തേത് സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തു. ശത്രുക്കളുടെ ആക്രമണമോ മറ്റ് വെടിവെപ്പുകളോ അല്ല അപകടത്തിന് കാരണമെന്ന് അമേരിക്കൻ സൈന്യം പ്രാഥമികമായി അറിയിച്ചു.
എന്നാൽ, തങ്ങളാണ് വിമാനം വെടിവെച്ചിട്ടതെന്ന് ഇറാൻ അനുകൂല സായുധ ഗ്രൂപ്പായ ‘ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ അവകാശപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന അഞ്ചിലധികം സൈനികർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും നിലവിൽ ഊർജിതമായി നടന്നു വരികയാണ്. ഫെബ്രുവരി 28-ന് തുടങ്ങിയ സൈനിക നീക്കത്തിനിടെ തകരുന്ന നാലാമത്തെ യുഎസ് വിമാനമാണിത്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂവെന്നും സൈനികരുടെ കുടുംബാംഗങ്ങളുടെ സ്വകാര്യതയെ മാനിച്ച് ക്ഷമയോടെ കാത്തിരിക്കണമെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.



