ഐഷെ ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ടിന് കോടതി സ്‌റ്റേ; ദൽഹി പോലീസിന് വൻ തിരിച്ചടി

ന്യൂഡൽഹി: സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലെത്തി എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ദൽഹി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. 2021-ലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ പോലീസിന്റെ ജാമ്യമില്ലാ വാറണ്ട് ദൽഹി പട്യാല ഹൗസ് കോടതി സ്‌റ്റേ ചെയ്തു. അടുത്ത വാദം കേൾക്കുന്നത് വരെ ഐഷെ ഘോഷിനെതിരെ യാതൊരുവിധ അറസ്റ്റ് നടപടികളും പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. ദൽഹി പോലീസ് പിന്മാറിയതിന് പിന്നാലെ ഐഷെ ഘോഷ് പട്യാല ഹൗസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും വാറണ്ട് റദ്ദാക്കണമെന്ന ഹരജിയും പരിഗണിച്ചാണ് കോടതിയുടെ ഈ ഉത്തരവ്.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് യൂണിഫോം ധരിച്ച രണ്ടുപേരും സിവില്‍ വേഷത്തിൽ നെയിം പ്ലേറ്റില്ലാത്ത ഒരാളുമടങ്ങുന്ന മൂന്നംഗ പോലീസ് സംഘം ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വാഹനത്തിൽ ഐഷെയെ അറസ്റ്റ് ചെയ്യാൻ എ.കെ.ജി ഭവനിലെത്തിയത്. എന്നാൽ യൂണിഫോമും നെയിം പ്ലേറ്റും ഔദ്യോഗിക വാഹനവുമില്ലാതെ വന്ന പോലീസിനെ ജോൺ ബ്രിട്ടാസ് എം.പി ശക്തമായി ചോദ്യം ചെയ്തതോടെ അവർ കസ്റ്റഡിയിലെടുക്കാതെ മടങ്ങുകയായിരുന്നു. നിയമപരമായ നടപടികൾ പാലിക്കാതെ എത്തിയ പോലീസ് നീക്കത്തെ ബ്രിട്ടാസ് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ സി.ജെ.പി നടത്തിയ സമരത്തിൽ ഐഷെ ഘോഷ് സജീവമായിരുന്നു. സമരത്തിൽ പങ്കെടുത്തവരെ വേട്ടയാടാനും ഭയപ്പെടുത്താനുമാണ് കേന്ദ്രസർക്കാരും പോലീസും ശ്രമിക്കുന്നതെന്ന് സി.ജെ.പിയും സി.പി.ഐ.എമ്മും ആരോപിച്ചു. പഴയ കേസ് കുത്തിപ്പൊക്കി അറസ്റ്റ് ചെയ്യാൻ തുനിഞ്ഞത് പ്രക്ഷോഭവുമായി ഇതിന് ബന്ധമില്ലെന്ന് വരുത്തിത്തീർക്കാനാണെന്ന് ബ്രിട്ടാസ് എം.പി പറഞ്ഞു. വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിക്കെതിരെ സുപ്രീം കോടതി നിലപാടെടുത്തിട്ടും അത് വകവെക്കാതെ എ.കെ.ജി ഭവനിലേക്ക് പോലീസ് നടത്തിയ നീക്കം തികഞ്ഞ ‘തെമ്മാടിത്തം’ ആണെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും പ്രതികരിച്ചിരുന്നു.

 

 

Related Articles

- Advertisement -spot_img

Latest Articles